കല്ലേലി എസ്റ്റേറ്റിൽ കാട്ടാന ; ഭയന്നോടിയ ജീവനക്കാരന് വീണ് പരിക്ക്

Tuesday 10 June 2025 12:54 AM IST
പരുക്കേറ്റ വിദ്യാധരൻ പിള്ള

കോന്നി: കല്ലേലി എസ്റ്റേറ്റിൽ കാട്ടാനയെ കണ്ട് ഓടിയ ജീവനക്കാരന് വീണ് പരിക്കേറ്റു. അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ കലഞ്ഞൂർ സ്വദേശി വിദ്യാധരൻ പിള്ളയ്ക്കാണ് പരിക്കേറ്റത്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ഇന്നലെ രാവിലെ 6.30ന് ആയിരുന്നു സംഭവം. കല്ലേലി റബർ ഡിവിഷൻ ഭാഗത്തെ ക്വാർട്ടേഴ്സിന് സമീപത്ത് ബൈക്ക് നിറുത്തിയപ്പോൾ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വീണ് വലതുകൈയ്ക്ക് പരിക്കേറ്റത്.

കോന്നി - കൊക്കാത്തോട് റോഡിലെ കല്ലേലി ഭാഗത്ത് രാത്രിയിലും പകലും കാട്ടാനകളുടെ ശല്യം വർദ്ധിക്കുകയാണ്. കഴിഞ്ഞദിവസം നടുവത്തു മൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപം കാട്ടാന പനമരം റോഡിലേക്ക് തള്ളിമറിച്ചിട്ടിരുന്നു. തുടർന്ന് റോഡിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. മരം വീണ് വൈദ്യുതി ബന്ധവും തകരാറിലായി. രണ്ടാഴ്ച മുൻപാണ് ഒരേക്കർ സ്വദേശികളായ അമ്മയ്ക്കും മകൾക്കും നേരെ കല്ലേലി മന്തിക്കാന ഭാഗത്ത് വച്ച് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാനയെ കണ്ട് ഭയന്ന് സ്കൂട്ടറിൽ നിന്ന് വീണ ഇരുവർക്കും പരിക്കേറ്റിരുന്നു.

കാട്ടാനകളെ കാടുകയറ്റും

കല്ലേലി - കുളത്തൂമൺ ഭാഗങ്ങളിൽ കാട്ടാന ശല്യം വർദ്ധിച്ചതോടെ വനപാലകരും റാപ്പിഡ് ആക്ഷൻ ഫോഴ്സും നാട്ടുകാരും ചേർന്ന് ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകളെ തിരികെ വനത്തിൽ കയറ്റുവാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. കുളത്തുമണ്ണിലെ വനമേഖലയോട് ചേർന്ന് ജനവാസ മേഖലയിൽ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവം വിവാദമായി മാറിയിരുന്നു. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കല്ലേലി എസ്റ്റേറ്റിൽ വ്യാപകമായി കൈതച്ചക്ക കൃഷി ചെയ്യുന്നുണ്ട്. പഴുത്ത കൈതച്ചക്കകൾ ഭക്ഷിക്കാനാണ് കാട്ടാന എസ്റ്റേറ്റിൽ ഇറങ്ങുന്നത്. കല്ലേലി എസ്റ്റേറ്റ്, വനംവകുപ്പിന്റെ ചെക്ക് പോസ്റ്റ്, ശിവ ചാമുണ്ഡി ക്ഷേത്രം, മന്തിക്കാന, വയക്കര പാലം, നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ രാത്രിയും പകലും കാട്ടാനകളുടെ സാന്നിദ്ധ്യം വർദ്ധിക്കുകയാണ്.