ആറാംപ്രവൃത്തിദിന കണക്കെടുപ്പ് ഇന്ന് പരിഗണിക്കുന്നത് സാധുവായ ആധാർ മാത്രം
തിരുവനന്തപുരം: അദ്ധ്യയനവർഷത്തെ ആറാംപ്രവൃത്തിദിനമായ ഇന്നാണ് വിദ്യാർത്ഥികളുടെ കണക്കെടുപ്പ്.സംസ്ഥാനത്ത് തസ്തികനിർണയവുമായി ബന്ധപ്പെട്ട് സാധുവായ ആധാർ (യു.ഐ.ഡി ) ഉള്ള കുട്ടികളെ മാത്രമേ പരിഗണിക്കൂ എന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഇതുമൂലം ഡിവിഷനുകളിൽ ഉണ്ടാകാവുന്ന കുറവിനെക്കുറിച്ചോ അദ്ധ്യാപകർക്കുണ്ടാകുന്ന പ്രതിസന്ധിയെക്കുറിച്ചോ മന്ത്രി പ്രതികരിച്ചില്ല.
കുട്ടികളുടെ ആധാർ സംബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ നിലവിലുള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി.
കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിക്കുന്നതും ഇരട്ടിപ്പ് ഒഴിവാക്കാനുമാണ് സ്ഥിരം യു.ഐ.ഡിഅടിസ്ഥാനമാക്കി വിവരങ്ങൾ ശേഖരിക്കുന്നത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് തസ്തികനിർണയം നടത്തുക. ഇന്ന് കണക്കെടുപ്പിന് ശേഷം സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. ഇന്ന് വൈകിട്ട് അഞ്ചു വരെയാണ് സമ്പൂർണയിൽ വിവരങ്ങൾ രേഖപ്പെടുത്താനാവുക. അതിന് ശേഷമുള്ള വിവരങ്ങൾ തസ്തികനിർണയത്തിന് പരിഗണിക്കില്ല. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജൂലായ് 15നകം തസ്തികനിർണയം പൂർത്തിയാക്കും. യു.ഐ.ഡി ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും സ്‌കൂൾ പ്രവേശനമോ യൂണിഫോം, ഉച്ചഭക്ഷണം, സ്‌കോളർഷിപ്പ് ആനുകൂല്യങ്ങളോ നിഷേധിക്കില്ല. തെറ്റായ വിവരങ്ങൾ നൽകി ഡിവിഷൻ നഷ്ടമാകുന്നതിന്റെ ഉത്തരവാദിത്വം പ്രഥമാദ്ധ്യാപകർക്കാണെന്നും മന്ത്രി വ്യക്തമാക്കി.
സാങ്കേതിക പ്രശ്നങ്ങളില്ല: പൊതുവിദ്യാഭ്യാസ ഡയറക്ടർ
കൃത്യമായ രേഖകൾ ഉള്ളവർക്ക് യു.ഐ.ഡി ലഭ്യമാകുന്നതിന് നിലവിൽ സാങ്കേതികപ്രശ്നങ്ങളില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്. അഞ്ചാംവയസിന് മുൻപും യു.ഐ.ഡി എടുക്കാൻ അവസരമുണ്ട്. അതിനാൽ പേരിലെ വ്യത്യാസം പോലുള്ള പ്രശ്നങ്ങൾ തിരുത്താൻ മാത്രമേ അവസരം നൽകൂ എന്നും അദ്ദേഹം അറിയിച്ചു.
അദ്ധ്യാപകരെ വെട്ടിലാക്കി
രക്ഷിതാക്കളുടെ അലംഭാവം
പല രക്ഷിതാക്കളും ഒന്നാംക്ലാസ് പ്രവേശനസമയത്താണ് കുട്ടിയുടെ ആധാറിനെക്കുറിച്ച് ചിന്തിക്കുന്നത്. ഒരുമാസമാണ് ആധാർ ലഭിക്കാനെടുക്കുക. കുട്ടി ഒന്നാംക്ലാസിൽ പ്രവേശനം നേടി ഒരുമാസമാകുമ്പോഴേക്കും ആറാംപ്രവൃത്തിദിനം കഴിഞ്ഞിരിക്കും. ഇതോടെ കുട്ടി കണക്കെടുപ്പിൽ പുറത്താവും. കൈക്കുഞ്ഞുങ്ങൾക്ക് പോലും പാസ്‌പോർട്ടുള്ള നാട്ടിലാണ് അഞ്ചുവയസിന് മുൻപ് കുട്ടിക്ക് ആധാർ ഉറപ്പാക്കുന്നതിൽ രക്ഷിതാക്കളുടെ അലംഭാവം. കുട്ടികൾക്ക് ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതർ രക്ഷിതാക്കളെ ബോധവത്കരിക്കാത്തതും വീഴ്ചയാണ്.