വാഹനും സാരഥിയും വീണ്ടും പിണങ്ങി

Tuesday 10 June 2025 12:14 AM IST

തിരുവനന്തപുരം: അഞ്ചു ദിവസമായി വാഹൻ സാരഥി സോഫ്റ്റ്‌വെയർ തുടർച്ചയായി തകരാറിലാകുന്നത് മോട്ടോർ വാഹനവകുപ്പിന്റെ ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കുന്നു. അപേക്ഷ സമർപിക്കാൻ കഴിയാതെ വാഹന ഉടമകളും ലൈസൻസ് അപേക്ഷകരും.

രാജ്യ വ്യാപകമായുള്ള തകരാറാണെന്നും ഉടൻ പരിഹരിക്കുമെന്നുള്ള അറിയിപ്പാണ് മോട്ടോർ വാഹന വകുപ്പിന് കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ചിട്ടുള്ളത്.അവധി ദിവസങ്ങൾക്ക് ശേഷമുള്ള പ്രവൃത്തി ദിനമായ തിങ്കളാഴ്ച വാഹൻ സാരഥി സേവനം പൂർണ്ണമായും മുടങ്ങി. ഇതുകാരണം ഓഫീസ് പ്രവർത്തനം പൂർണ്ണമായും സ്തംഭിച്ചു. രജിസ്‌ട്രേഷൻ, ഫിറ്റ്നസ് എന്നിവയുടെ കാലാവധി തീരുന്ന വാഹന ഉടമകൾക്ക് ഫീസടയ്ക്കാൻ കഴിയാത്തതിനാൽ വൻ തുക പിഴ നൽകേണ്ടിവരും. ദേശീയതലത്തിലെ തകരാർ ആയതിനാൽ ഇളവ് കിട്ടുമെന്ന പ്രതീക്ഷയിലാണ് അപേക്ഷകർ.

ഓൾ ഇന്ത്യാ പെർമിറ്റ് വാഹനങ്ങളുടെ നികുതി പിരിവ് തടഞ്ഞതടക്കം സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തെ അറിയിക്കുന്നതിന് ട്രാൻസ്‌പോർട്ട് കമ്മിഷണർ സി.എച്ച്.നാഗരാജുവിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ രണ്ടാഴ്ചയ്ക്കുള്ളിൽ ഡൽഹിയിലെത്തും.