പ്ലസ് വൺ 76.33 % സീറ്റിൽ അലോട്ട്മെന്റായി, രണ്ടാംഘട്ട അലോട്ട്‌മെന്റിൽ 21877 പേർ സീറ്റ് ഉറപ്പിച്ചു

Tuesday 17 June 2025 12:15 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനായി 76.33 ശതമാനം സീറ്റിൽ അലോട്ട്മെന്റായി. രണ്ടാം അലോട്ട്മെന്റ് കഴിഞ്ഞതോടെ ആകെ 3,18,574 മെരിറ്റ് സീറ്റിൽ 243155 സീറ്റുകളിൽ അലോട്ട്മെന്റായി.

ഇന്നലെ പൂർത്തിയായ രണ്ടാംഘട്ട അലോട്ട്‌മെന്റിൽ 21877 പേർ സീറ്റ് ഉറപ്പിച്ചു. രണ്ടാംഘട്ട അലോട്ട്‌മെന്റിന് ശേഷം 75419 സീറ്റുകൾ ഒഴിവുണ്ട്. 20511 പേർ ഹയർ ഓപ്ഷനിലേക്ക് മാറി. രണ്ടാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചവർക്കുള്ള പ്രവേശനം ഇന്ന് രാവിലെ 10 മുതൽ നാളെ വൈകിട്ട് അഞ്ച് വരെയാണ്.

www.hscap.kerala.gov.in ൽ വിവരങ്ങൾ ലഭ്യമാണ്.

മെരിറ്റ് ക്വാട്ടയിൽ ഒന്നാംഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. താഴ്ന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവർക്ക് താത്‌കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്നവരെ തുടർന്ന് പരിഗണിക്കില്ല. വിദ്യാർത്ഥികൾക്ക് അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാനറാങ്ക് വിവരങ്ങൾ പരിശോധിക്കാം. രണ്ടാംഘട്ട അലോട്ട്‌മെന്റിനോടൊപ്പം കമ്മ്യൂണിറ്റിക്വാട്ട പ്രവേശനവും നടക്കും. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ (എം.ആർ.എസ്) പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചു. 1,886 പേർ അപേക്ഷിച്ചതിൽ 1,195 പേർക്ക് പ്രവേശനം ലഭിച്ചു. ബുധൻ വൈകിട്ട് അഞ്ചിന് മുമ്പ് പ്രവേശനം നേടണം.

മുഖ്യഘട്ടത്തിലെ മൂന്നാംഅലോട്ട്‌മെന്റ് പൂർത്തിയായി ക്ളാസുകൾ 18 ന് ആരംഭിക്കും. അതിനുശേഷം ഇതുവരെ അപേക്ഷിക്കാനാത്തവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായവിവരങ്ങൾ നൽകിയതിനാൽ അലോട്ട്‌മെന്റിന് പരിഗണിക്കാത്തവർക്കും ഈ ഘട്ടത്തിൽ അപേക്ഷകൾ പുതുക്കി സമർപ്പിക്കാം.