എൽസയെക്കാൾ വാൻ ഹായ് വലുത്
കൊച്ചി: തീപിടിച്ച വാൻ ഹായ് 503 കപ്പൽ കൊച്ചി പുറങ്കടലിൽ കഴിഞ്ഞമാസം മുങ്ങിയ എം.എസ്.സി എൽസ 3നെക്കാൾ വലുതാണ്. എൽസയ്ക്ക് 184 മീറ്റർ നീളവും 25 മീറ്റർ വീതിയുമുള്ളപ്പോൾ വാൻ ഹായ് 503ന് 269 മീറ്ററാണ് നീളം. വീതി 32 മീറ്റർ. സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത കപ്പലിന്റെ ഉടമകൾ തായ്വാനിലെ വാൻ ഹായ് ലൈൻസാണ്.
2005ൽ തായ്വാനിലെ കാസ്യോംഗ് കപ്പൽശാലയിൽ നിർമ്മിച്ച കപ്പലിന്റെ ആദ്യപേര് ഇന്ത്യ. പിന്നെ ഇന്ത്യ ദേശ്, ഇന്ത്യ എക്‌സ‌്പ്രസ് എന്നീ പേരുമാറ്റങ്ങൾക്കുശേഷം 2019ലാണ് വാൻ ഹായ് ആയത്. 4333 കണ്ടെയ്നറുകൾ വഹിക്കാം. 28 വർഷം പഴക്കമുള്ള എം.എസ്.സി എൽസ 3യ്ക്ക് 1730 കണ്ടെയ്നറുകളായിരുന്നു ശേഷി.
123 കപ്പലുകൾ സ്വന്തമായുള്ള വാൻ ഹായ് ലൈൻസ് ഏഷ്യയിലെ വലിയ കപ്പൽ കമ്പനികളിലൊന്നാണ്.
ശനിയാഴ്ച രാവിലെ 8.54ന് കൊളംബോയിലടുത്ത വാൻ ഹായ് അന്നുരാത്രി 10.48ന് യാത്രപുറപ്പെട്ടു. ഇന്ന് വൈകിട്ട് 5.30ന് നവഷേവ തുറമുഖത്തെത്തി, 12ന് വൈകിട്ട് 5ന് മടങ്ങേണ്ടതായിരുന്നു. സിംഗപ്പൂർ - കൊളംബോ - നവഷേവാ റൂട്ടിൽ വർഷങ്ങളായി എല്ലാ മാസവും സർവീസ് നടത്തുന്ന കപ്പലാണിത്.
ഡേഞ്ചറസ് കണ്ടെയ്നറുകൾ
കണ്ടെയ്നർ കപ്പലുകളിൽ അപകടകരമായ കണ്ടെയ്നറുകൾ ഒരെണ്ണമെങ്കിലും സാധാരണ ഉണ്ടാകും. ചരക്കുകൾ അനുസരിച്ച് ഈ കണ്ടെയ്നറുകൾ ക്ളാസ് 1 മുതൽ 9 വരെ തരം തിരിച്ചിട്ടുണ്ട്. കണ്ടെയ്നറിന്റെ നിറം ക്ളാസ് അനുസരിച്ചുവേണം. അടുക്കുന്ന തുറമുഖത്തിന് കപ്പലിലുള്ള ഇത്തരം കണ്ടെയ്നറുകളെക്കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകണം. മുൻകരുതലുകൾ ഒരുക്കുന്നതിനുവേണ്ടിയാണ്.
കൊച്ചിയിൽ മുങ്ങിയ എൽസ 3 കപ്പലിൽ ഇത്തരം 13 കണ്ടെയ്നറുകളുണ്ടായിരുന്നു. വാൻ ഹായിൽ 100ലേറെയുണ്ടെന്നാണ് സൂചന. ഇവ കടലിൽ വലിയതോതിൽ മലിനീകരണം സൃഷ്ടിക്കും.