'എന്നെ തൊട്ട മണം' കഥാസമാഹാരം പ്രകാശനം
കരുനാഗപ്പള്ളി: സാഹിത്യകാരനും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ജീവനക്കാരനുമായ ശൂരനാട് നോർത്ത് സ്വദേശി ഷൈജുവിന്റെ കഥാസമാഹാരമായ 'എന്നെ തൊട്ട മണം' പ്രകാശനം ചെയ്തു. കവിയും ഗാനരചയിതാവുമായ രാജീവ് അലുങ്കൽ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. കവിയും നിരൂപകനുമായ ഡോ. മുഞ്ഞിനാട് പദ്മകുമാർ ആദ്യപ്രതി ഏറ്റുവാങ്ങി. ഗാന്ധി ദർശൻ വേദി കരുനാഗപ്പള്ളി നിയോജക മണ്ഡലം ചെയർമാൻ പ്രദീപ് വാര്യത്ത് അദ്ധ്യക്ഷനായി. എഴുത്തുകാരനും നിരൂപകനുമായ ഡോ.ആർ.ഗോപിനാഥൻ പുസ്തകാവതരണം നടത്തി.
സാഹിത്യകാരൻ ഡോ.പുന്തല മോഹനൻ, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം മോഡ്യൂൾ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അനിൽ ശങ്കർ, ഗ്രന്ഥകാരൻ കെ.ഗോപികുട്ടൻ, എം.വി.തൃവിക്രമൻ പിള്ള ഫൗണ്ടേഷൻ രക്ഷാധികാരി ആർ.ശശികുമാർ, എൻ.സന്തോഷ്, ഗാനരചയിതാവ് ശൂരനാട് രാജേന്ദ്രൻ, സാംസ്‌കാരിക വേദി സംസ്ഥാന സെക്രട്ടറി ജയകൃഷ്ണൻ, കവി ഷൈൻ എസ്. ശൂരനാട് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കവയിത്രിയും തഴവ ആദിത്യ വിലാസം ഹൈസ്കൂളിലെ അദ്ധ്യാപികയുമായ വിധു സൗപർണ്ണിക സ്വാഗതം ആശംസിച്ചു.