ബൈക്കിലെത്തി ആഭരണം കവർന്നു; യുവാവ് പിടിയിൽ
Tuesday 10 June 2025 1:32 AM IST
തഴവ: വീട്ടുമുറ്റത്ത് നിന്ന പെൺകുട്ടിയുടെ ആഭരണം കവർന്ന യുവാവ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. കുലശേഖരപുരം, കാർത്തിക ഭവനത്തിൽ ശ്യാംകുമാറാണ് (21) അറസ്റ്റിലായത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ബൈക്കിലെത്തിയ ശ്യാംകുമാർ വീടിന് പുറത്തു നിന്നിരുന്ന പെൺകുട്ടിയുടെ കൈയിൽ കിടന്ന ആഭരണം തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓച്ചിറ വയനകത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് സംഘം കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ ബിജുവിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷെമീർ, ഷാജിമോൻ, കുരുവിള, എ.എസ്.ഐ സനീഷ, എസ്.സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.