ഇനിയും കാക്കണം പുനർജനി പാർക്കിനും ഓപ്പൺ എയർ ഓഡിറ്റോറിയത്തിനും

Tuesday 10 June 2025 1:34 AM IST

കൊല്ലം: ലി‌ങ്ക് റോഡിലെ കുമാരനാശാൻ സ്മാരക പുനർജനി പാർക്കും ഓപ്പൺ എയർ ഓഡിറ്റോറിയവും തുറക്കാൻ ഇനിയും കാത്തിരിക്കണം. ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ ഫെൻസിംഗ് ജോലികളാണ് പുരോഗമിക്കുന്നത്. ഇലക്ട്രിക് ജോലികളാണ് ബാക്കിയുള്ളത്. ഇതിന്റെ പേപ്പർ വർക്കുകൾ നടക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ ഉദ്ഘാടനം നടത്തും. അഷ്ടമുടി കായൽ മുതൽ തെന്മലവരെ ഭൂപ്രദേശങ്ങളെ ഉൾപ്പെടുത്തിയുള്ള ജൈവവൈവിദ്ധ്യ വിനോദസഞ്ചാര സർക്യൂട്ട് (കൊല്ലം ബയോഡൈവേഴ്സിറ്റി സർക്യൂട്ട്) പദ്ധതി ആരംഭിക്കുന്നതും പുനർജനി പാർക്കിൽ നിന്നാണ്. അഷ്ടമുടി, മൺറോത്തുരുത്ത്, മീൻപിടിപ്പാറ, മുട്ടറ മരുതിമല, ജടായുപ്പാറ, തെന്മല, അച്ചൻകോവിൽ മേഖലകളാണ് കൊല്ലം ജൈവവൈവിദ്ധ്യ വിനോദസഞ്ചാര സർക്യൂട്ടിൽ ഉൾപ്പെടുന്നത്.

ടൂറിസ്റ്റ് ഹബ് എന്ന നിലയിലാണ് ആശാൻ സ്മാരക പുനർജനി പാർക്കും ഓപ്പൺ എയർ ഓഡിറ്റോറിയവും നിർമ്മിക്കുന്നത്. അഷ്ടമുടി കായലിന് അഭിമുഖമായി കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള വേദിയാണ് ഒരുങ്ങുന്നത്. പാർക്കിന് 2017ൽ സർക്കാർ അനുമതി നൽകിയെങ്കിലും ജോലികൾ ആരംഭിച്ചത് 2020ലാണ്. മൂന്നു കോടി രൂപയാണ് നിർമ്മാണ ചെലവ്.

ചെളിയും കാടും ലിങ്ക് റോഡ് നവീകരണവുമായി ബന്ധപ്പെട്ട ജോലികൾ പുരോഗമിക്കുന്നതിനാൽ ഈ ഭാഗത്ത് ചെളിയും മണ്ണും കൂടിക്കിടക്കുകയാണ്. ചുറ്റുമതിലും മുകളിലെ വേലിയും കാടുമൂടിയ നിലയിലാണ്. മഴ പെയ്താൽ ഇവിടെ വെള്ളക്കെട്ടാകും. നിർമ്മാണ ജോലികൾ വൈകുന്നതിനാൽ സാമൂഹ്യവിരുദ്ധരുടെയും മദ്യപസംഘത്തിന്റെയും താവളമാണ് ഇവിടം.