രക്ഷാപ്രവർത്തനം ഏകോപനം കൊച്ചിയിൽ
കണ്ണൂർ: കപ്പൽ അപകടസമയത്ത് സമീപത്തുണ്ടായിരുന്ന വൺമാർബിൾ എന്ന ചരക്കു കപ്പലിനെ കൂടാതെ ബേപ്പൂർ കോസ്റ്റ് ഗാർഡിന്റെയും മംഗളൂരു കോസ്റ്റ് ഗാർഡിന്റെയും രണ്ട് കപ്പലുകളും രക്ഷാപ്രവർത്തനത്തിൽ സജീവമായി. കൊച്ചിയിലുള്ള മാരിടൈം റീജിയണൽ റെസ്‌ക്യു കോ ഒാർഡിനേഷൻ സെന്ററിൽ നിന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. കണ്ണൂർ തീരം അടുത്താണെങ്കിലും കടലിന്റെ ഒഴുക്ക് തെക്കോട്ടാണെന്നും നിലവിൽ കപ്പലിലെ വസ്തുക്കൾ സംബന്ധിച്ച് ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അഴീക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ പി.കെ.അരുൺകുമാർ പറഞ്ഞു.
ഭീഷണിയുണ്ടാകുന്ന സാഹചര്യമുണ്ടായാൽ കോസ്റ്റ്ഗാർഡിൽ നിന്നും വിവരം ലഭിക്കുമെന്നും ജാഗ്രത പുലർത്തുമെന്നും വ്യക്തമാക്കി. അപകടം പറ്റിയ കപ്പലിൽ നിന്ന് പത്തുപേർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചും എട്ടുപേർ ലൈഫ് ബോട്ടും ഉപയോഗിച്ചാണ് രക്ഷപ്പെട്ടത്. ഇതിൽ രണ്ടുപേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
രക്ഷാ പ്രവർത്തനത്തിന് സജ്ജമായി ബേപ്പൂർ
കൊളംബോയിൽ നിന്ന് യാത്രയാരംഭിച്ച കപ്പലിലെ കണ്ടെയ്നറിന് തീപിടിച്ചെന്ന വാർത്ത വന്നപ്പോൾ മുതൽ രക്ഷാ പ്രവർത്തനത്തന് ബേപ്പൂർ പോർട്ട് സജ്ജമായി. ജില്ലാകളക്ടർ ജാഗ്രതാ നിർദേശം നൽകിയിരുന്നു. കടലിലേക്ക് ചാടി രക്ഷപ്പെട്ട ജീവനക്കാരെ ബേപ്പൂർ തുറമുഖത്തേക്ക് എത്തിക്കുമെന്നായിരുന്നു സൂചന. കോസ്റ്റ്ഗാർഡിൽ നിന്നു ഒരു കപ്പൽ രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടു.
പോർട്ട് അതോറിറ്റി ഔദ്യോഗിക സ്ഥിരീകരണം നൽകിയില്ലെങ്കിലും വൈകീട്ടോടെ ആംബുലൻസുകളെത്തിച്ചിരുന്നു. വാൻഹായ് കമ്പനി ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു ആംബുലൻസുകൾ എത്തിച്ചത്. വലിയ കപ്പലിനെ അഴിമുഖത്തേക്ക് എത്തിക്കാൻ സാധിക്കാത്തതിനാൽ പോർട്ട് അതോറിറ്റിയുടെ കീഴിലുള്ള മിനി ടെഗുകളും സജ്ജീകരിച്ചിരുന്നു.
എലത്തൂർ, ബേപ്പൂർ, വടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനുകളിലേക്കും കോഴിക്കോട് സിറ്റി, റൂറൽ പൊലീസ് സ്റ്റേഷനുകളിലേക്കും പോർട്ട് ഓഫീസർ ഫിഷറീസ്, കോഴിക്കോട്, കൊയിലാണ്ടി, വടകര ടി.ഇ.ഒ.സികളിലേക്കും ആവശ്യമായ അറിയിപ്പ് കൊടുത്തതായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. ആരോഗ്യവകുപ്പിലേക്ക് വൈദ്യസഹായത്തിനായി അറിയിപ്പ് കൊടുക്കുകയും ചെയ്തു.