വാർദ്ധക്യം മറക്കാൻ ഇവിടെയുണ്ട് ഭൂമിക!

Tuesday 10 June 2025 1:36 AM IST
പട്ടത്താനത്തിന് സമീപം ഇലവന്തി കവലയിലെ കൊല്ലം കോർപ്പറേഷൻ വക 'ഭൂമിക' പകൽവീട്

കൊല്ലം: ഉച്ചയൂണിന് ശേഷം വട്ടംകൂടിയിരുന്ന് കൊച്ചുവർത്തമാനം പറയുന്നതിനിടയിലാണ് ഓമനയമ്മ പാട്ടിന്റെ കെട്ട് പൊട്ടിച്ചത്. "കുട്ടനാടൻ പുഞ്ചയിലെ, കൊച്ചുപെണ്ണേ കുയിലാളേ..."- എഴുപത്തിരണ്ടിന്റെ തളർച്ചയൊന്നും കാട്ടാതെ അല്പം ശബ്ദമുയർത്തി രണ്ടാംകുറ്റി സ്വദേശി ഓമന പാടി. "ഓ തിത്തിത്താര തിത്തിത്തെ തിത്തെയ് തകതെയ് തെയ് തോം"- ഡീസന്റ് മുക്ക് സ്വദേശി തങ്കമണിയും (73) ഒപ്പം ചേർന്നു. പിന്നെ കോറസ് പാടാൻ ആളെണ്ണം കൂടി. വഞ്ചിപ്പാട്ടും നാടൻപാട്ടും മറ്റ് കളികളുമൊക്കെയായിട്ടാണ് 'ഭൂമിക' പകൽ വീട്ടിൽ പതിവ് ആഘോഷങ്ങൾ.

ജീവിതത്തിന്റെ നാനാ തുറകളിലുള്ളവർ ഇവിടെ ഒരോ പകലുമെത്തും. ഓരോ വീടുകളിൽ ഒറ്റപ്പെടലിന്റെ സങ്കടങ്ങളുമായി കഴിഞ്ഞിരുന്നവരാണ് ഇവരൊക്കെ. കൊല്ലം കോർപ്പറേഷന്റെ ചുമതലയിൽ പാൽക്കുളങ്ങര 25ാം ഡിവിഷനിൽപ്പെടുന്ന ഇലവന്തി കവലയിലാണ് ഭൂമികയെന്ന പേരിൽ പകൽവീട് സജീവമായി പ്രവർത്തിക്കുന്നത്.

കെ.എസ്.എഫ്.ഇയിൽ നിന്ന് അനുവദിച്ച വാഹനം ഉടൻ നിരത്തിലിറങ്ങും. ഡ്രൈവറെയും ആയയെയും കോർപ്പറേഷൻ നിയമിച്ചുകഴിഞ്ഞു.

ഉള്ള് നിറച്ച് സായന്തന മടക്കം

2017ലാണ് പകൽവീട് സ്ഥാപിച്ചത്. 45 പേർ നേരത്തെ പതിവായി എത്തിയിരുന്നു. ചിലരൊക്കെ മരിച്ചു. ഇപ്പോഴെത്തുന്നത് 16 പേരാണ്. രാവിലെ 9.30ന് പകൽവീട് തുറക്കും. അധികം വൈകാതെ ചായയെത്തും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഊണ്. വൈകിട്ട് ചായയും കടിയും. ഭക്ഷണം കോർപ്പറേഷന്റെ ചുമതലയിൽ കരാർ നൽകി പുറമെ ഏൽപ്പിച്ചിരിക്കുകയാണ്. യോഗ, വ്യായാമം, വിനോദങ്ങൾ എന്നിവയാണ് പതിവ് പ്രവർത്തനങ്ങൾ. രണ്ട് കെയർ ടേക്കർമാരുടെ സേവനവുമുണ്ട്. ചിലപ്പോൾ കവികളും സാഹിത്യകാരന്മാരുമൊക്കെ എത്തും. മനം നിറച്ചാണ് എല്ലാവരുടെയും വൈകിട്ടത്തെ മടക്കം.

വീടുകളിൽ തനിച്ചായിപ്പോകുന്ന മാതാപിതാക്കളാണ് ഇവിടേക്ക് എത്തുന്നത്. അവർക്ക് പറയാനുണ്ട്, കേൾക്കാൻ ആരെങ്കിലുമൊക്കെ വേണം. അതിനാണ് മുൻഗണന.

വി.സുനിൽ കുമാർ,

കെയർടേക്കർ