ഒരടി നീളമുള്ള കത്തി വിഴുങ്ങി മൂർഖൻ പാമ്പ്; ഒടുവിൽ സംഭവിച്ചത്
ബംഗളൂരു: ഇരയാണെന്ന് കരുതി കത്തി വിഴുങ്ങിയ മൂർഖൻ പാമ്പിനെ രക്ഷിച്ചു. കർണാടകയിലെ കുംലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഹെഡ്‌ഗെ ഗ്രാമത്തിലെ ഗോവിന്ദ നായിക് എന്നയാളുടെ വീട്ടിലാണ് മൂർഖൻ എത്തിയത്. അടുക്കളയിൽ എത്തിയ പാമ്പ് ഇരയാണെന്ന് കരുതി കത്തി വിഴുങ്ങുകയായിരുന്നു. അടുക്കളയിലെത്തിയ ഗോവിന്ദ നായിക് ആദ്യം മൂർഖനെ കണ്ട് ഞെട്ടിയെങ്കിലും പിന്നാലെ കത്തി വായിൽ ഇരിക്കുന്നത് കണ്ടു. ഉടൻ തന്നെ ഇദ്ദേഹം രക്ഷാപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. പാമ്പ് പിടുത്തക്കാരൻ പവനും വെറ്റിനറി അസിസ്റ്റന്റ് അദ്വെെത് ഭട്ടും ചേർന്നാണ് പാമ്പിനെ പിടികൂടിയത്.
തുടർന്ന് പാമ്പിന്റെ വായിലൂടെ കത്രിക കയറ്റി വായ തുറന്നുവച്ചു. പിന്നാലെ അതി വിദഗ്ധമായി കത്തി പുറത്തെടുക്കുകയായിരുന്നു. 12 ഇഞ്ച് നീളവും രണ്ട് ഇഞ്ച് വീതിയുമുള്ള (1അടി) കത്തിയാണ് പുറത്തെടുത്തത്. ഒരു ചെറിയ മുറിവുപോലും ഏൽപിക്കാതെയാണ് പാമ്പിന്റെ വായിൽ നിന്ന് കത്തി പുറത്തെടുത്തതെന്ന് അധികൃതർ അവകാശപ്പെടുന്നു. ശേഷം പാമ്പിനെ വനപ്രദേശത്തെത്തിച്ച് തുറന്നുവിട്ടു.