വാൻ ഹായ് 503 ഇടതുവശത്തേക്ക് ചരിഞ്ഞു; കപ്പലിലുണ്ടായിരുന്നത് അത്യന്തം അപകടകരമായ 157 വസ്‌തുക്കൾ

Tuesday 10 June 2025 11:44 AM IST

കൊച്ചി: കേരള തീരത്തോട് ചേർന്ന് തീപിടിച്ച വാൻ ഹായ് 503 കപ്പൽ 15 ഡിഗ്രി വരെ ചരിഞ്ഞു. ഇടതുവശത്തേക്കാണ് ചരിഞ്ഞത്. തീ ഇതുവരെ കെടുത്താനായിട്ടില്ല. കപ്പലിൽ നിന്ന് കറുത്ത പുക ഉയരുന്നുണ്ട്. മാത്രമല്ല കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു. ശ്രീലങ്കയിലെ കൊളംബോയിൽ നിന്ന് മുംബയിലെ നവഷേവ തുറമുഖത്തേയ്‌ക്ക് പോയ സിംഗപ്പൂർ പതാകയുള്ള ചരക്കുകപ്പലിനാണ് തീപിടിച്ചത്.

കപ്പലിലുണ്ടായിരുന്ന അപകടകരമായ വസ്തുക്കളുടെ കാർഗോ മാനിഫെസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. അന്ത്യന്തം അപകടകരമായ 157 ഇനങ്ങളാണ് കപ്പലിലുണ്ടായിരുന്നത്. തീപിടിക്കുന്നതും വെള്ളത്തിൽ കലർന്നാൽ അപകടകരമാകുന്നതുമായ രാസവസ്തുക്കളാണിവ. സ്ഥിതിഗതികൾ വിലയിരുത്താൻ കൊച്ചിയിൽ ഇന്ന് ഉന്നതതല യോഗം ചേരും. ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് ആണ് യോഗം വിളിച്ചത്. സർക്കാർ പ്രതിനിധികളടക്കം യോഗത്തിൽ പങ്കെടുക്കും.

കണ്ണൂർ അഴീക്കൽ പോർട്ടിൽ നിന്ന് 44 നോട്ടിക്കൽ മൈൽ ( 81. 5. കിമി) ദൂരത്താണ് ദുരന്തമുണ്ടായത്. ഇന്നലെ രാവിലെ 9.30നാണ് കണ്ടെയ്‌നർ പൊട്ടിത്തെറിച്ചത്. ഉച്ചയ്‌ക്ക് 12.40 ഓടെ കപ്പലിന് തീപിടിച്ചു. കപ്പലിൽ 22 പേരാണുണ്ടായിരുന്നത്. ലൈഫ്ബോട്ടിൽ കടലിൽ ചാടിയ ക്യാപ്‌ടൻ ഉൾപ്പെടെ 18 ജീവനക്കാരെ നേവി മംഗലാപുരത്ത് എത്തിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പൊള്ളലേറ്റ അഞ്ചിൽ രണ്ടുപേരുടെ നില അതീവഗുരുതരമെന്നാണ് നാവികസേന നൽകുന്ന വിവരം.

മേയ് 25ന് കൊച്ചി പുറംകടലിൽ വിഴിഞ്ഞത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പൽ മുങ്ങിയതിന്റെ ആഘാതം മാറുംമുമ്പാണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത്.