ലോട്ടറി കച്ചവടം മുന്നോട്ടുകൊണ്ടുപോകാനായില്ല; 25 കോടിയുടെ ഓണം ബമ്പർ അടിച്ച അനൂപ് ഇപ്പോൾ ചെയ്യുന്നത്

Tuesday 10 June 2025 12:18 PM IST

തിരുവനന്തപുരം: ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഇരുപത്തിയഞ്ചുകോടി അടിച്ചതോടെ വാർത്തകളിൽ ഇടംപിടിച്ചയാളാണ് തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം സ്വദേശിയായ അനൂപ്. തനിക്കാണ് ലോട്ടറിയടിച്ചതെന്ന് അനൂപ് പറഞ്ഞതോടെ വീട്ടിൽ സഹായം ചോദിച്ചെത്തുന്നവരുടെ ബഹളമായി. ഇതുമായി ബന്ധപ്പെട്ടുണ്ടായ അനുഭവങ്ങളൊക്കെ അനൂപ് മുമ്പ് പങ്കുവച്ചിരുന്നു.

25 കോടി അടിച്ചതിന് പിന്നാലെ ഒരു ഹോട്ടൽ തുടങ്ങുകയാണ് ലക്ഷ്യമെന്ന് അനൂപ് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ആ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് അനൂപ്. കൈതമുക്കിൽ 'ഹാപ്പി' എന്ന പേരിലാണ് ഹോട്ടൽ ആരംഭിച്ചത്.

രണ്ടുവർഷം കൃത്യമായി പഠിച്ച ശേഷമാണ് അനൂപ് ഹോട്ടൽ ആരംഭിച്ചത്. ബ്രേക്ക്ഫാസ്റ്റായി രാവിലെ 7.30 മുതൽ 09. 30 വരെ ബുഫെയാണ് നൽകുന്നത്. വലിയശാലയിൽ രുചിക്കട എന്ന പേരിൽ അനൂപ് ഒരു ഹോട്ടൽ ആരംഭിച്ചിരുന്നു. മുമ്പ് മണക്കാട് ലോട്ടറിക്കച്ചവടം നടത്തിയിരുന്നു. എന്നാൽ അനൂപിന്റെ സമയക്കുറവുമൂലം അത് മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചില്ല. ഇന്നും അനൂപ് ലോട്ടറിയെടുക്കാറുണ്ട്. ഇപ്പോഴും സഹായം ചോദിച്ച് ആളുകളെത്താറുണ്ടെന്ന് അനൂപ് പറയുന്നു.