ഖത്തറിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ മലയാളികൾ അടക്കമുള്ളവർ സഞ്ചരിച്ച ബസ് മറിഞ്ഞു; ആറ് മരണം
Tuesday 10 June 2025 2:13 PM IST
ദോഹ: ഖത്തറിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് ആറ് മരണം. മലയാളികളടക്കമുള്ളവർ കൂട്ടത്തിലുണ്ടായിരുന്നു. കെനിയയിലേക്ക് പോയതായിരുന്നു സംഘം. നാല് പുരുഷന്മാരും ഒരു സ്ത്രീയും കുഞ്ഞുമാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. നൂറ് മീറ്റർ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്.
അപകടത്തിൽ ഇരുപത്തിയേഴുപേർക്ക് പരിക്കേറ്റു. ഇവരെ ന്യാഹുരു കൗണ്ടി റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.