മന്ത്രി ഗണേശ് കുമാറിന്റെ സർജിക്കൽ സ്‌ട്രൈക്ക്; പണി കിട്ടിയത് ഒമ്പത് കണ്ടക്‌ടർമാർക്ക്

Tuesday 10 June 2025 4:49 PM IST

തിരുവനന്തപുരം: യാത്രക്കാരനെന്ന പേരിൽ കെഎസ്‌ആർടിസി ഡിപ്പോകളിലെ കൺട്രോൾ റൂമിലേക്ക് ഫോൺ ചെയ്‌ത് ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ. കൃത്യമായി മറുപടി നൽകാത്ത ഒമ്പത് കണ്ടക്‌ടർമാരെ സ്ഥലംമാറ്റി. പരാതികൾ അറിയിക്കാനും ബസ് സമയം അറിയാനുമാണ് കൺട്രോൾ റൂം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് മുമ്പും ഗതാഗത മന്ത്രി ഇത്തരത്തിലുള്ള മിന്നൽ പരിശോധനകൾ നടത്തി നടപടിയെടുത്തിട്ടുണ്ട്. കൺട്രോൾ റൂം കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും അതിനാൽ, ജനങ്ങൾക്ക് പരാതി അറിയിക്കാനും മറ്റ് സേവനങ്ങൾക്കുമായി ഒരു ആപ്പ് വേണമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യാത്രക്കാരനെന്ന വ്യാജേന മന്ത്രി വിളിച്ചത്. ആദ്യം വിളിച്ചപ്പോൾ ആരും ഫോൺ എടുത്തില്ല.

പിന്നീട് എടുത്തപ്പോൾ സംശയങ്ങൾ ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. തുടർന്നാണ് കെഎസ്‌ആർടിസി എംഡിയെ വിളിച്ചശേഷം അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ മാതൃവകുപ്പിലേക്ക് അയക്കാൻ അറിയിച്ചത്. വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ള ഒമ്പതുപേരെയാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ഡിപ്പോകളിലേക്ക് സ്ഥലംമാറ്റിയിരിക്കുന്നത്.