മീസിൽസ് -റുബല്ല നിവാരണം: ബോധവത്കരണം തുടങ്ങി
Wednesday 11 June 2025 12:01 AM IST
കോഴിക്കോട്: മീസിൽസ് -റുബല്ല നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബോധവത്കരണ സ്‌കിറ്റിന്റെ ജില്ലാതല ഉദ്ഘാടനം താമരശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ നിർവഹിച്ചു. ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം കോഴിക്കോട്, ഗവ. താലൂക്ക് ആശുപത്രി താമരശ്ശേരി, കോഴിക്കോട് സർവകലാശാല, ജില്ലാ എൻ.എസ്.എസ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജൂലായ് ഒന്ന് മുതൽ 31 വരെ ജില്ലയിൽ പ്രത്യേക വാക്സിനേഷൻ യജ്ഞം നടക്കും. താമരശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ അഡ്വ. ജോസഫ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എം.സി.എച്ച് ഓഫീസർ കെ.എൻ രമണി, ജില്ലാ എൻ.എസ്.എസ് കോ ഓർഡിനേറ്റർ ഫസീൽ അഹമ്മദ്, എൽ. ഭവില, ദിവ്യ സി, സുരേഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. സ്‌കിറ്റും ഫ്ളാഷ് മോബും ബോധവത്കരണ റാലിയും നടന്നു.