പെറ്റമ്മയെ ഒറ്റയ്ക്കാക്കി മക്കൾ ഏഴും വിദേശത്ത്,​ വീട്ടിലെ ആഘോഷം ഒഴിവാക്കി വയോധികയ്ക്കൊപ്പം ഓണമുണ്ട് പൊലീസ്: കൈയടിച്ച് സോഷ്യൽ മീഡിയ

Friday 13 September 2019 11:10 AM IST

എടത്വ: മക്കൾ ഉൾപ്പടെയുള്ള ബന്ധുക്കൾ വിദേശത്ത് കഴിയുന്ന പറപ്പള്ളിൽ ത്രേസ്യാമ്മയ്ക്ക് ഇത്തവണത്തെ ഓണത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. കാരണം മറ്റൊന്നുമല്ല,​ ഏഴ് മക്കൾ വിദേശത്തേക്ക് പോയപ്പോൾ ഒറ്റക്കായ ത്രേസ്യാമ്മ ഇത്തവണ ഓണം ആഘോഷിച്ചത് എടത്വ ജനമൈത്രി പൊലീസിനൊപ്പമായിരുന്നു. പ്രായമുള്ളവർ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ പട്രോളിങ്ങിനിടെയാണ് 7 മക്കളുള്ള 93 വയസുകാരി പൊലീസിന്റെ ശ്രദ്ധയിൽപെടുന്നത്.

ഇവർ വീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് മനസിലാക്കിയ പ്രിൻസിപ്പൽ എസ്.ഐ സെസിൽ ക്രിസ്റ്റിൻ രാജ് സ്വന്തം വീട്ടിൽ നിന്ന് ഓണം ഉണ്ണാതെ ഇവരോടൊപ്പം ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഓണ സദ്യയ്ക്ക് വേണ്ട വിഭവങ്ങൾ ഓരോ പൊലീസുകാരും വീട്ടിൽ നിന്നും എത്തിച്ചു. സദ്യയ്ക്ക് മുമ്പ് ഓണക്കോടി നൽകാനും പൊലീസുകാർ മറന്നില്ല. വീടിന് സമീപത്ത് ഒരുപാട് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ വീടിനടുത്ത് താമസിക്കുന്നവരോട് ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു വയോധിക.

ജനമൈത്രിയോടൊപ്പം വയോധിക ഓണം ഉണ്ട വാർത്ത പുറത്തറിഞ്ഞതോടെ പ്രായമായവർ ഒറ്റയ്ക്കു കഴിയുന്ന ഒട്ടേറെ വീടുകളിലേക്കു ബന്ധുക്കളും മക്കളും എത്തി. ഇത്തരത്തിലുള്ള 8 വീടുകളിൽ മക്കൾ എത്തിയതായി എസ്.ഐ പറഞ്ഞു. ഗോപൻ, ശൈലേഷ് കുമാർ, ബിനു, ഗാർഗി എന്നീ പൊലീസ് ഉദ്യോഗസ്ഥരും ഹോംഗാർഡ് ഫ്രാൻസിസും എസ്.ഐക്ക് ഒപ്പമുണ്ടായിരുന്നു.