കമ്പാലത്തറ, വെങ്കലക്കയം ഏരികളുടെ സംഭരണശേഷി വർദ്ധിപ്പിക്കും

Wednesday 11 June 2025 1:18 AM IST
കമ്പാലത്തറ ഏരി

പാലക്കാട്: കൃഷിക്കായി വെള്ളം സംഭരിച്ചുവെക്കുന്ന കമ്പാലത്തറ, വെങ്കലക്കയം ഏരികളുടെ സംഭരണ ശേഷി വർദ്ധിപ്പിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. ഏരികളിലെ ചെളി നീക്കം ചെയ്ത് ആഴംകൂട്ടുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. 40 ശതമാനത്തിലധികം മണ്ണടിഞ്ഞ് കിടക്കുന്നുണ്ടെന്നാണ് ജലസേചന വകുപ്പിന്റെ കണ്ടെത്തൽ. ആളിയാർ അണക്കെട്ടിൽ നിന്ന് ഇടതുകര കനാൽ പ്രദേശത്തേക്ക് അനുവദിക്കുന്ന വെള്ളം കമ്പാലത്തറ, വെങ്കലക്കയം ഏരികളിൽ സംഭരിച്ചാണ് വിതരണം ചെയ്യുന്നത്. സംഭരണശേഷി വർദ്ധിപ്പിക്കുന്ന പ്രവൃത്തികൾ പൂർത്തിയായാൽ ഇപ്പോൾ അനുവദിക്കുന്നതിലും വേഗം പ്രദേശത്തേക്ക് വെള്ളം നൽകാനാവും. നിലവിൽ കരാർ പ്രകാരം ഒരു ജലവർഷം ലഭിച്ചു കൊണ്ടിരിക്കുന്ന 7.25 ടി.എം.സി വെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന ഒരു ടി.എം.സി പ്രളയ ജലവും അധികമായി സംഭരിക്കാമെന്നാണ് ജലസേചന വകുപ്പിന്റെ വിലയിരുത്തൽ. സാധാരണ ആഴം കൂട്ടുന്നതിനനുസരിച്ചാണ് കരാറുകാർക്ക് പണം അനുവദിച്ചിരുന്നത്. എന്നാൽ ദർഘാസ് അനുസരിച്ച് മണ്ണു നീക്കുന്നതിനായി കരാർ കമ്പനി സർക്കാരിലേക്ക് ആദ്യം പണം നൽകണം. ഇത്തരം ദർഘാസ് നടപടിയിലൂടെ എട്ടുകോടി രൂപയാണ് പ്രത്യേക ചെലവില്ലാതെ സർക്കാരിന് ലഭിക്കുന്നത്.

ബണ്ടിന്റെ സുരക്ഷ ഉറപ്പാക്കണം

ഏരികളുടെ ആഴം കൂട്ടുമ്പോൾ, മണ്ണുകൊണ്ട് നിർമ്മിച്ചിട്ടുള്ള ബണ്ടിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രദേശ വാസികൾ ആവശ്യപ്പെട്ടു. കാലപ്പഴക്കം കൊണ്ട് പലഭാഗത്തിനും വിള്ളലുണ്ട്. ശാസ്ത്രീയ പഠനം നടത്താതെ സംഭരണശേഷി വർദ്ധിപ്പിക്കുന്നത് ബണ്ടുകളുടെ തകർച്ചയ്ക്ക് വഴിവെക്കുമെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. 2007-08 കാലഘട്ടത്തിൽ പ്രളയജലം ഏരിയിലേക്ക് ഒഴുകിയെത്തിയപ്പോൾ ഇവിടെനിന്ന് മാറിത്താമസിക്കേണ്ടി വന്നിരുന്നെന്നും പ്രദേശവാസികൾ പറയുന്നു. എന്നാൽ വിശദമായ ശാസ്ത്രീയ പഠനങ്ങൾക്കു ശേഷമാണ് പ്രവൃത്തിയിലേക്ക് കടക്കുന്നതെന്നും പ്രദേശവാസികൾക്ക് ദോഷമുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. ബണ്ടിൽനിന്ന് 100മീറ്റർ അകലംപാലിച്ചാണ് പ്രവൃത്തി നടക്കുന്നതെന്നതിനാൽ ബണ്ടിന് യാതൊരുവിധ തകരാറും സംഭവിക്കില്ലെന്ന് അധികൃതർ പറഞ്ഞു.