മ്യൂച്വൽ ഫണ്ടുകൾക്ക് പ്രിയം കുറയുന്നു

Wednesday 11 June 2025 12:47 AM IST

ഓഹരി അധിഷ്ഠിത ഫണ്ടുകളിലേക്കുള്ള നിക്ഷേപം 22% കുറഞ്ഞു

കൊച്ചി: രാജ്യത്തെ ഓഹരി വിപണി മികച്ച മുന്നേറ്റം നടത്തുമ്പോഴും മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപ ഒഴുക്ക് ഗണ്യമായി ഇടിയുന്നു. മേയിൽ ഓഹരി അധിഷ്‌ഠിത മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം 21.66 ശതമാനം കുറഞ്ഞ് 19,013.12 കോടി രൂപയിലെത്തിയെന്ന് അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യ(എ.എം.എഫ്.ഐ) വ്യക്തമാക്കി. ലാർജ് കാപ്പ് ഫണ്ടുകളിലേക്ക് ലഭിച്ച നിക്ഷേപത്തിൽ കഴിഞ്ഞ മാസം 53.19 ശതമാനം ഇടിവാണുണ്ടായത്. മേയിൽ മൊത്തം 1,250.47 കോടി രൂപയാണ് നിക്ഷേപകർ ലാർജ് കാപ് ഫണ്ടുകളിൽ മുടക്കിയത്. മുൻനിര കമ്പനികളുടെ ഓഹരികൾക്ക് നിക്ഷേപകർക്കിടയിൽ പ്രിയം കുറയുകയാണെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.

ഇടത്തരം കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് 15.25 ശതമാനം കുറഞ്ഞ് 2,808.68 കോടി രൂപയിലെത്തി. ചെറുകിട ഓഹരികളുടെ ഫണ്ടുകളിലെ നിക്ഷേപം 19.64 ശതമാനം ഇടിഞ്ഞ് 3,214.21 കോടി രൂപയായി. അതേസമയം ആർബിട്രേജ് ഫണ്ടുകളിലെ നിക്ഷേപം 33 ശതമാനം ഉയർന്ന് 15,701 കോടി രൂപയിലെത്തി.

നിക്ഷേപകരുടെ ആശങ്ക

1. ആഗോള മേഖലയിലെ അനിശ്ചിതത്വം മൂലം വിപണിയിലുണ്ടാകുന്ന കനത്ത ചാഞ്ചാട്ടം

2. കമ്പനികളുടെ പ്രവർത്തന ലാഭത്തിൽ പ്രതീക്ഷിച്ച വളർച്ച ദൃശ്യമാകുന്നില്ല

3. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പിന്മാറ്റം സൃഷ്‌ടിക്കുന്ന അനശ്ചിതത്വം

4. ഓഹരി വിലയിലുണ്ടായ വൻ കുതിപ്പിൽ ലാഭമെടുപ്പ് ശക്തമാകുന്നു

സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതികളിലെ നിക്ഷേപം

26,688 കോടി രൂപ

ലാഭമെ‌ടുപ്പ് ശക്തം

വിപണിയിൽ ചാഞ്ചാട്ടം ശക്തമായതോടെ നിക്ഷേപകർ ലാഭമെടുപ്പ് ശക്തമാക്കി. കടപ്പത്രങ്ങളിലെ നിക്ഷേപങ്ങളും ഗണ്യമായി കുറയുന്നു. കഴിഞ്ഞ മാസങ്ങളിൽ 15,908 കോടി രൂപയാണ് വിവിധ മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് നിക്ഷേപകർ പിൻവലിച്ചത്.