കെ.എസ്.ആർ.ടി.സിയിൽ വഴിവിട്ട സ്ഥാനക്കയറ്റ നീക്കം കോടതി ഉത്തരവ് അട്ടിമറിക്കുന്നു എ.ടി.ഒ റാങ്ക് ലിസ്റ്റ് നോക്കുകുത്തി
തിരുവനന്തപുരം : ഹൈക്കോടതി ഉത്തരവ് അട്ടിമറിച്ച് കെ.എസ്.ആർ.ടി.സിയിൽ വഴിവിട്ട സ്ഥാനക്കയറ്റത്തിന് നീക്കം. പി.എസ്.സിയുടെ എ.ടി.ഒ റാങ്ക് ലിസ്റ്റ് നിലവിലുണ്ട്. അത് അവഗണിച്ചാണ് മതിയായ യോഗ്യതയില്ലാത്തവരെ എ.ടി.ഒമാരാക്കാൻ തിടുക്കപ്പെടുന്നത്.
റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനം നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ വിധിയിൽ കെ.എസ്.ആർ.ടി.സി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിട്ടുണ്ട്. അതിനിടെയാണ് യൂണിറ്റുതല ഭരണപ്രതിസന്ധി മറികടക്കാനെന്ന പേരിലുള്ള കള്ളക്കളി. ഇതിന്റെ ഭാഗമായി 138 ഇൻസ്‌പെക്ടർമാരുടെ സീനിയോറിറ്റി ലിസ്റ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. ഇതിൽ നിന്ന് 18 പേരെ എ.ടി.ഒമാരാക്കാനാണ് നീക്കം. ഉദ്യോഗസ്ഥലോബിയാണ് പിന്നിൽ
കെ.എസ്.ആർ.ടി.സിക്കുണ്ടാകുന്ന നഷ്ടം കുറയ്ക്കാനാണ് സർവീസിൽ പരിചയമുള്ള ബിരുദ യോഗ്യതയുള്ളവരെ എ.ടി.ഒമാരാക്കാൻ തീരുമാനിച്ചത്.ഇതനുസരിച്ച് മികച്ച എ.ടി.ഒമാരെ കണ്ടെത്താൻ പരീക്ഷ നടത്തി. അഞ്ഞൂറോളം പേർ പരീക്ഷ എഴുതി. 2017ൽ 29 പേരുടെ ലിസ്റ്റിട്ടു. എട്ടു പേർക്ക് മാത്രം നിയമനം. ശേഷിച്ചവർ കോടതിയെ സമീപിച്ചു. ബാക്കിയുള്ള 21പേർക്കും നിയമനം നൽകാൻ 2024 ഫെബ്രുവരിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെയുള്ള അപ്പീലിൽ കെ.എസ്.ആർ.ടി.സി യഥാസമയം മറുപടി നൽകാതെ കേസ് നീണ്ടിക്കൊണ്ടുപോകുകയാണെന്ന് റാങ്ക് ഹോൾഡർമാർ പറയുന്നു.