ഓണത്തിന് ഒരു മുറം പച്ചക്കറി: ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: കൃഷിവകുപ്പ് ഓണക്കാലത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് സെക്രട്ടേറിയറ്റ് അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൃഷി മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനാകും. പച്ചക്കറി വിത്ത് പാക്കറ്റുകൾ, തൈകൾ എന്നിവ സംസ്ഥാനത്തെ 1076 കൃഷിഭവനുകൾ വഴി സൗജന്യമായി നൽകും.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വേതനം കൂട്ടി
തിരുവനന്തപുരം: എൻ.ഡി.പി.എസ്, എസ്.സി - എസ്.ടി, പോക്സോ, അബ്കാരി പ്രത്യേക കോടതികളിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ വേതനം അറുപതിനായിരം രൂപയിൽ നിന്ന് എഴുപതിനായിരമാക്കി. ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യവുമുണ്ട്. അഡ്വക്കേറ്റ് ജനറലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.
പെൻഷൻ മസ്റ്ററിംഗ്
തിരുവനന്തപുരം: കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് ക്ഷേമനിധി കമ്മിറ്റിയിൽ നിന്ന് 2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾ ഈ മാസം 25 മുതൽ ആഗസ്റ്റ് 24 വരെ പെൻഷൻ മസ്റ്ററിംഗ് ചെയ്യണമെന്ന് കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് ക്ഷേമനിധി കമ്മിറ്റി സെക്രട്ടറി അറിയിച്ചു. നിലവിൽ പെൻഷൻ ലഭിക്കുന്നവരും മസ്റ്ററിംഗ് ചെയ്യണം.