കുറ്റാന്വേഷകൻ പാട്ടെഴുത്തിലാണ്

Wednesday 11 June 2025 1:06 AM IST

കൊച്ചി: യൂണിഫോമിൽ പി.സി. മധു പ്രഗത്ഭനായ കുറ്റാന്വേഷകനാണ്. പേനയെടുത്താൽ ഒന്നാംതരം പാട്ടെഴുത്തുകാരനും. സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസിൽ എ.എസ്.ഐയായ മധു ആൽബങ്ങൾക്കായി എഴുതിയത് 23 ഗാനങ്ങൾ. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'നിനയാതെ" യൂട്യൂബിൽ ഹിറ്റ്.

പഠനകാലം മുതൽ വായനയും കവിതാരചനയും ജീവിതത്തിന്റെ ഭാഗം. സിനിമാഗാനങ്ങൾ കേട്ടാണ് പാട്ടെഴുത്ത് തുടങ്ങിയത്. കൂട്ടുകാരോടുപോലും ഇക്കാര്യം ഒളിപ്പിച്ചുവച്ചു. ജോലി അന്വേഷിച്ച് നടക്കുന്ന നാളുകളിൽ വീട്ടിലേക്ക് അപ്രതീക്ഷിതമായി എത്തിയ സുഹൃത്ത് സുധീഷാണ് ഡയറിലെ പാട്ടുകൾ ആദ്യം 'കസ്റ്റഡിയിലെടുത്തത്'. അങ്ങനെ മധുവിലെ പാട്ടെഴുത്തുകാരനെ കൂട്ടുകാരും അതുവഴി നാട്ടുകാരും അറിഞ്ഞു.

അന്നെഴുതിയ 'കരളിലെ കദനങ്ങൾ" എന്ന പാട്ടിന് സുധീഷ് ഈണമിട്ടെങ്കിലും നിർമ്മാതാവിനെ കിട്ടാത്തതിനാൽ ആൽബം പുറത്തിറക്കാനായില്ല. 2000ൽ മധു കേരള പൊലീസിന്റെ ഭാഗമായി. വർഷങ്ങൾക്ക് ശേഷം ആൽബം പുറത്തിറങ്ങി. ഇതോടെ സേനയിലും മധുവിന്റെ പാട്ടെഴുത്തിന് എല്ലാവരും സല്യൂട്ടടിച്ചു. താരകബ്രഹ്മം എന്ന അയ്യപ്പഭക്തിഗാന ആൽബത്തിനും ക്രിസ്തീയ ഭക്തിഗാന ആൽബത്തിനും മധുവിന്റെ വരികൾ ജീവൻ നൽകി. നാടകഗാനവും എഴുതിയിട്ടുണ്ട്.

കൊവിഡ് മഹാമാരിക്കാലത്ത് ആരോഗ്യപ്രവർത്തകരുടെ മഹത്വം വിവരിച്ച് എഴുതിയ പാട്ടും ശ്രദ്ധിക്കപ്പെട്ടു. ജോലിത്തിരക്കും സമ്മ‌ർദ്ദവുമെല്ലാം പാട്ടെഴുത്തിലൂടെയാണ് മറികടക്കുന്നത്.

പരേതനായ ചന്ദ്രബോസ്, തിലകമണി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സ്മിത (മിഥു). മകൾ: ആതിര.

 ഒഴിവുസമയം പാട്ടെഴുത്ത് ജോലിക്കിടയിൽ വീണുകിട്ടുന്ന ഒഴിവുസമയങ്ങളിലാണ് മധു പാട്ടെഴുതുക. മനസിൽ വരുന്ന വരികൾ കുറിച്ചുവയ്‌ക്കും. പിന്നീട് കൂട്ടിയിണക്കും. ആഗ്രഹത്തോടെ ഒരു കാര്യത്തിനിറങ്ങിയാൽ വേണ്ടതെല്ലാം മനസിലേക്ക് തനിയെ വന്നുകൊള്ളുമെന്ന് മധു പറയുന്നു.

 മകളും ഭാര്യയും അവസാനവാക്ക് പാട്ടെഴുതിക്കഴിഞ്ഞാൽ ആദ്യം ഭാര്യയെ കാണിക്കും. ഭാര്യ മകളെ പാടിക്കേൾപ്പിക്കും. മകൾ കൊള്ളാമെന്ന് പറഞ്ഞാലേ പാട്ടിന് അംഗീകാരമാകൂ. നിനയാതെ എന്ന ആൽബത്തിൽ ആതിരയും അഭിനയിച്ചിട്ടുണ്ട്.

എന്നും ഓർത്തിരിക്കുന്ന പാട്ടുകൾ സിനിമയ്ക്കായി എഴുതണമെന്ന് ആഗ്രഹമുണ്ട്.

പി.സി മധു