സെക്കന്റ് ഷോയ്‌ക്ക് പോകുമ്പോൾ ഡ്രൈവറെയും കൂടെ കൂട്ടണമെന്ന് അന്നത്തെ ഡി.ജി.പി തന്നോട് പറഞ്ഞു, കേരളത്തിലെ വിശേഷങ്ങൾ പങ്കുവച്ച് ലോക്നാഥ് ബെഹ്റ
1985 ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ ലോക്നാഥ് ബെഹ്റ ആലപ്പുഴ എ.എസ്.പി ആയിട്ടാണ് ആദ്യമായി കേരളത്തിലെത്തിയത്. തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ, കൊച്ചി പൊലീസ് കമ്മിഷണർ, പൊലീസ് ആസ്ഥാനത്ത് ഐ.ജി, എ.ഡി.ജി.പി നവീകരണം എന്നീ തസ്തികകളിൽ പ്രവർത്തിച്ച അദ്ദേഹമാണ് ഇപ്പോൾ കേരള പൊലീസിന്റെ മോധാവി. ഒഡീഷ സ്വദേശിയാണെങ്കിലും അദ്ദേഹം വളരെ നന്നായി മലയാളം സംസാരിക്കുന്ന കാര്യം നമുക്ക് എല്ലാവർക്കും അറിയാം. വാർത്താ സമ്മേളനത്തിലും ചാനലുകളിലും സംസാരിക്കുന്ന വേളയിലും നമ്മൾ അത് നേരിട്ട് കണ്ടതാണ്.
എന്നാൽ ഇപ്പോഴിതാ താൻ മലയാളം പഠിക്കാൻ ആരാണ് സഹായിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബെഹ്റ. തന്റെ ഡ്രൈവറാണ് മലയാളം പഠിക്കാൻ സഹായിച്ചതെന്ന് ലോക്നാഥ് ബെഹ്റ പറയുന്നു. ഡ്രൈവർക്ക് ഹിന്ദി കൂടി അറിയാവുന്നത് കൊണ്ട് പഠിക്കാൻ എളുപ്പമായിരുന്നെന്നും അദ്ദേഹം പറയുന്നു. ലോക്നാഥ് ബെഹ്റയും പത്നി മധുമിത ബെഹ്റയും കൗമുദി ടി.വിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ലോക്നാഥ് ബെഹ്റയുടെ വാക്കുകൾ
എന്റെ ഡ്രൈവറാണ് എന്നെ മലയാളം പഠിപ്പിച്ചത്. ഞാൻ കേരളത്തിൽ വന്ന സമയത്ത് നാഷണൽ പൊലീസ് അക്കാദമിയിൽ ചെറുതായിട്ട് മലയാളം പഠിപ്പിക്കുകയായിരുന്നു. ബേസിക്ക് ആയിട്ടുള്ള കാര്യവും അക്ഷരങ്ങളുമാണ് പഠിപ്പിക്കുക. കൂടാതെ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ അച്ഛൻ നാഷണൽ പൊലീസ് അക്കാദമിയിലായിരുന്നു. അദ്ദേഹമാണ് തന്നെ ആദ്യം മലയാളം പഠിപ്പിച്ചത്. കുറച്ച് പഠിച്ചതിന് ശേഷം കേരളത്തിലെത്തിയപ്പോൾ പറഞ്ഞു, ഞങ്ങൾക്ക് മലയാളം അറിയാമെന്ന്. എന്നാൽ അപ്പോൾ മനസിലായി ഇതൊന്നും മലയാളം അല്ലായെന്ന്.
അന്ന് എന്റെ ഡി.ജി.പി എം.കെ ജോസഫ് ആയിരുന്നു. ജോസഫ് സാറിനെ കാണാൻ പോയപ്പോൾ പറഞ്ഞു. എത്രയും പെട്ടെന്ന് മലയാളം പഠിക്കണമെന്ന്. ഞാൻ പറഞ്ഞു, സാർ ഇതു പഠിക്കാൻ പാടാണ്. ടീച്ചറെ വയ്ക്കണോ? ടീച്ചറെ വച്ചാൽ നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു, ഞാൻ നിങ്ങൾക്ക് ഹിന്ദി അറിയാവുന്ന ഒരു ഡ്രൈവറെ അപ്പോയിന്റ് ചെയ്യാമെന്നും അയാളുമായി സംസാരിക്കുമ്പോൾ മലയാളം പഠിക്കാമെന്ന് ജോസഫ് സാർ പറഞ്ഞു. കൂടാതെ എല്ലാ ദിവസവും സെക്കന്റ് ഷോയ്ക്ക് ഡ്രൈവറെയും കൂട്ടി പോയി ഒരു മലയാളം സിനിമ കാണണം. ആ ഡ്രൈവർ നിങ്ങൾക്ക് അതിന്റെ അർത്ഥം പറഞ്ഞു തരുമെന്ന് ജോസഫ് സാർ പറഞ്ഞതായി ലോക്നാഥ് ബെഹ്റ പറയുന്നു. ഇപ്പോൾ തനിക്ക് മലയാളം വായിക്കാൻ അറിയാമെന്നും ലോക്നാഥ് ബെഹ്റ പറയുന്നു.