പി.എം.എ.വൈ ഗ്രാമീൺ പദ്ധതി, ഒന്നാം ഗഡു കാത്ത് 16,120 കുടുംബങ്ങൾ

Wednesday 11 June 2025 12:46 AM IST

തിരുവനന്തപുരം: വീടിനായി പ്രധാനമന്ത്രി ആവാസ് യോജന - ലൈഫ് പദ്ധതിൽ കരാറൊപ്പിട്ട 16,210 കുടുംബങ്ങൾക്ക് ഒന്നാമത്തെ ഗഡു കിട്ടിയില്ല. കഴിഞ്ഞ സാമ്പത്തികവർഷം കരാറൊപ്പിട്ടവർക്കാണ് പണം ലഭിക്കാത്തത്. വീടൊന്നിന് പൊതുവിഭാഗത്തിനും എസ്.സിക്കും നാല് ലക്ഷം വീതവും, എസ്.ടിക്ക് ആറ് ലക്ഷവുമാണ് സഹായം.

കേന്ദ്രം പണം നൽകുന്നില്ലെന്നാണ് സംസ്ഥാനം പറയുന്നത്. എന്നാൽ തങ്ങൾ നൽകുന്നതിന് ആനുപാതികമായി സംസ്ഥാനം പണം നീക്കിവയ്ക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. പദ്ധതി തുകയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കേണ്ടത്. കേന്ദ്ര പദ്ധതിയായ പി.എം.എ.വൈ, സംസ്ഥാന പദ്ധതിയായ ലൈഫുമായി സംയോജിപ്പിച്ചതോടെ തദ്ദേശ സ്ഥാപനങ്ങളാണ് കൂടുതൽ വിഹിതം കണ്ടെത്തേണ്ടത്. കഴിഞ്ഞ സാമ്പത്തിക വർഷം 61,141 കുടുംബങ്ങളാണ് രജിസ്റ്റർ ചെയ്‌തത്. 39,853 പേർക്ക് അക്കൗണ്ട് വെരിഫിക്കേഷനുൾപ്പെടെ പൂർത്തിയായി. ഇതിൽ 23,733 പേർക്കേ ആദ്യഗഡു ലഭിച്ചുള്ളൂ. ഒന്നാം ഗഡു ലഭിക്കാനുള്ളവർ കൂടുതലും ആലപ്പുഴയിലാണ് -1452. കുറവ് പത്തനംതിട്ടയിലും- 410. 22,391 പേർക്ക് രണ്ടാം ഗഡുവും കിട്ടാനുണ്ട്.

പൊതു, എസ്.സി, എസ്.ടി വിഭാഗം

 കേന്ദ്ര വിഹിതം 72,000 രൂപ

 സംസ്ഥാനം- 48,000 രൂപ

പൊതുവിഭാഗം

 ഗ്രാമപഞ്ചായത്ത് - 70,000 രൂപ

 ബ്ലോക്ക് പഞ്ചായത്ത്-1,12,000

 ജില്ലാപഞ്ചായത്ത്- 98,000

എസ്.സി വിഭാഗം

 ഗ്രാമപഞ്ചായത്ത്-45,000

 ബ്ലോക്ക് പഞ്ചായത്ത്- 72,000

 ജില്ലാ പഞ്ചായത്ത്- 63,000

 എസ്.സി വകുപ്പ്- 1,00,000

എസ്.ടി വിഭാഗം

 ഗ്രാമപഞ്ചായത്ത്-1,20,000രൂപ

 ബ്ലോക്ക് പഞ്ചായത്ത്- 1,92,000

 ജില്ലാ പഞ്ചായത്ത്- 1,68,000