കപ്പൽ  പിളർന്ന്  മുങ്ങാൻ  സാദ്ധ്യത

Wednesday 11 June 2025 1:24 AM IST

കൊച്ചി: സ്ഫോടനത്തെ തുടർന്ന് വൻതീപിടിത്തമുണ്ടായി ചരിഞ്ഞ 'വാൻ ഹായ് 503" കപ്പൽ പൊട്ടിപ്പിളരാൻ സാദ്ധ്യത. രണ്ടായിരം ടൺ ഇന്ധനമങ്ങിയ ടാങ്കിന് സമീപത്തേക്ക് തീ വ്യാപിക്കുന്നത് തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും കണ്ടെയ്നറുകളിലെ മാരകരാസവസ്‌തുക്കൾ കാരണം തുടർ സ്ഫോടനങ്ങളുണ്ടാകുന്നു. കപ്പലിനെ പുറംകടലിലേയ്ക്ക് നീക്കി തീരമേഖലയിൽ ആഘാതം കുറയ്ക്കാനുള്ള പ്രയത്നത്തിലാണ് കോസ്റ്റ് ഗാർഡും നാവികസേനയും. തീയണയ്‌ക്കാനും കപ്പൽ മുങ്ങുന്നത് ഒഴിവാക്കാനും തീവ്രശ്രമം തുടരുകയാണ്.

40 ശതമാനം ഭാഗത്തെ തീ നിയന്ത്രണ വിധേയമായെങ്കിലും 60 ശതമാനം ഭാഗത്ത് ആളിപ്പടരുകയാണ്. അതിശക്തമായ ചൂടിൽ ചട്ടക്കൂ‌ടും പാളികളും ഉരുകിയാൽ കപ്പൽ പിളരും. കപ്പലിന്റെ നാലുവശത്തും വെള്ളം പമ്പുചെയ്യുന്നുണ്ട്.

കണ്ടെയ്‌നറുകൾ കേരളതീരത്തെത്താൻ സാദ്ധ്യതയുണ്ടെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കണ്ണൂരിലെ അഴീക്കൽ തുറമുഖത്തുനിന്ന് 81.5 കിലോമീറ്റർ ദൂരെയാണ് കപ്പലെങ്കിലും തൃശൂർ, എറണാകുളം ഭാഗങ്ങളിലേക്ക് കണ്ടെയ്നറുകൾ എത്തിയേക്കാം.

കപ്പൽ 15 ഡിഗ്രി ചരിഞ്ഞു

കപ്പൽ ഇടതുവശത്തേയ്‌ക്ക് 10-15ഡിഗ്രി ചരിഞ്ഞ നിലയിലാണ്. കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചിട്ടുണ്ട്. കൂടുതൽ ചരിഞ്ഞാൽ മുങ്ങാൻ സാദ്ധ്യതയുണ്ട്. നടുഭാഗത്തെ തീപിടിത്തം നിയന്ത്രണ വിധേയമായെങ്കിലും കനത്തപുക ഉയരുന്നുണ്ട്.

തീകെടുത്താൻ 3 കപ്പൽ

കോസ്‌റ്റ് ഗാർഡിന്റെ സമുദ്രപ്രഹരി, സചേത്, സമർത്ഥ് എന്നിവയാണ് തീകെടുത്തൽ ദൗത്യം തുടരുന്നത്. സമർത്ഥ് കപ്പലിൽ തീയണയ്‌ക്കാൻ ആധുനിക സാമഗ്രികളുണ്ട്. ചൂടും സ്‌ഫോടനസാദ്ധ്യതയും കണക്കിലെടുത്ത് 200മീറ്റർ അകലെനിന്നാണ് വെള്ളം പമ്പുചെയ്യുന്നത്. കോസ്റ്റ് ഗാർഡിന്റെ ഡോർണിയർ വിമാനം നിരീക്ഷണം നടത്തുന്നുണ്ട്. ജീവനക്കാരെ രക്ഷിക്കാനെത്തിയ നാവികസേനയുടെ കപ്പൽ സത്‌ലജ് മടങ്ങി.

157 കണ്ടെയ്നറുകളിലെ ചരക്കുകൾ മാരകം

കൊച്ചി: കത്തിപ്പടരാനും പൊട്ടിത്തെറിക്കാനും മനുഷ്യർക്കും ജീവജാലങ്ങൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്‌ടിക്കാനും കഴിയുന്നതാണ് 157 കണ്ടെ്‌നറുകളിലെ ചരക്കുകളെന്ന് അംഗീകൃത മാനദണ്ഡ പ്രകാരം അധികൃതർ പുറത്തുവിട്ട പട്ടികയിൽ വ്യക്തം.

മാരകവസ്‌തുക്കൾ ഉൾപ്പെടുന്ന 6.1 ക്ളാസിൽ വരുന്നവയാണ് കൂടുതൽ. 7 മുതൽ 12 വരെ നമ്പരുകളിലെ രാസവസ്‌തുക്കൾ അപകടകരമായി പെട്ടിത്തെറിക്കുന്നവയാണ്. വെള്ളവുമായോ അന്തരീക്ഷവുമായോ നേരിട്ട് ബന്ധമുണ്ടായാൽ തീപിടിക്കാൻവരെ ശേഷിയുള്ളവയാണ് ഇവയെന്ന് രാസവസ്‌തു വിദഗ്ദ്ധനും റിട്ട. എക്‌സ്‌പ്ളോസീവ്സ് ജോയിന്റ് ചീഫ് കൺട്രോളറുമായ ആർ. വേണുഗോപാൽ പറഞ്ഞു.

സ്‌ഫോടനശേഷിയുള്ള ലിഥിയം ബാറ്ററികൾ വൻതോതിലുണ്ട്. കീടനാശിനികൾ, തീപിടിക്കുന്ന 19 കണ്ടെയ്‌നർ ഖരവസ്‌തുക്കൾ, എഥനോൾ, അച്ചടിമഷി, പെയിന്റ്, ആൾക്കഹോൾ അടങ്ങിയ നൈട്രോസെല്ലുലോസ് തുടങ്ങിയവയും കപ്പലിലുണ്ട്.