ഗുരുദേവൻ-ഗാന്ധിജി കൂടിക്കാഴ്‌ച ശതാബ്‌ദി ആഘോഷം 24ന്

Wednesday 11 June 2025 1:32 AM IST

ന്യൂഡൽഹി: ഗാന്ധിജി ശിവഗിരിയിലെത്തി ഗുരുദേവനുമായി കൂടിക്കാഴ്‌ച നടത്തിയതിന്റെ നൂറാം വാർഷികാഘോഷം ജൂൺ 24ന് ഡൽഹി വിജ്ഞാൻഭവനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 1925 മാർച്ച് 12ന് ഗാന്ധിജി ശിവഗിരി ആശ്രമത്തിൽ എത്തിയതിന്റെ ശതാബ്‌‌ദി ഒരു വർഷം നീളുന്ന പരിപാടികളോടെയാണ് ആഘോഷിക്കുക.

ഡൽഹി വിജ്ഞാൻഭവനിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ് മന്ത്രി ജോർജ് കുര്യൻ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എംപി, കെ.രാധാകൃഷ്‌ണൻ എം.പി, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുക്കും. ഗാന്ധി-ഗുരുദേവൻ കൂടിക്കാഴ്‌ചയെ ആസ്‌പദമാക്കി ഇംഗ്ളീഷിലും ഹിന്ദിയിലുമുള്ള ഗ്രന്ഥങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്യും.

പരിപാടിയുടെ നടത്തിപ്പിനായി ശ്രീനാരായണധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ (പ്രസിഡന്റ്), സ്വാമി ശുഭാംഗാനന്ദ (ജന. സെക്രട്ടറി), സ്വാമി ശാരദാനന്ദ(ട്രഷറർ), കെ.ആർ. മനോജ്(ആഘോഷ കമ്മിറ്റി ചെയർമാൻ), ബാബു പണിക്കർ(ജനറൽ കൺവീനർ) തുടങ്ങിയവർ അടങ്ങിയ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.