വീട്ടമ്മയെ കൈയേറ്റം ചെയ്യാൻ ശ്രമം, ഈസ്റ്റ് പൊലീസ് കേസെടുത്തു
കൊല്ലം: പൊളിച്ചുനീക്കാൻ നോട്ടീസ് നൽകിയ കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നത് എതിർത്ത വീട്ടമ്മയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ പള്ളി കമ്മിറ്റി പ്രസിഡന്റിനെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു. കേരളകൗമുദി മുൻ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ അന്തരിച്ച ചാത്തന്നൂർ മോഹനന്റെ വിധവയും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയുമായ കടപ്പാക്കട പത്രപ്രവർത്തക നഗറിൽ യദുകുലത്തിൽ ഡി.ജയകുമാരിയുടെ പരാതിയിലാണ് ഈസ്റ്റ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
പരാതിക്കാരിയുടെ മതിലിന് മുകളിലേക്ക് ചേർന്ന് കടപ്പാക്കട മുസ്ലിം പള്ളി 15 വർഷം മുമ്പ് കെട്ടിടം നിർമ്മിച്ചിരുന്നു. അനധികൃതമായി നിർമ്മിച്ചതും അപകടാവസ്ഥയിലുള്ളതുമായ ഈ കെട്ടിടം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ജയകുമാരിയും സമീപവാസിയായ എം.അബ്ദുൾ റഷീദും മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ പരാതി നൽകിയിരുന്നു. ഇതനുസരിച്ച് കൊല്ലം കോർപ്പറേഷൻ അധികൃതർ സ്ഥലം സന്ദർശിച്ച് നിജസ്ഥിതി ബോദ്ധ്യപ്പെട്ട് കെട്ടിടം പൊളിക്കാൻ ഉത്തരവിട്ടു. ജൂൺ 5ന് മുമ്പായി കെട്ടിടം പൊളിച്ചുനീക്കാനായിരുന്നു കോർപ്പറേഷൻ സെക്രട്ടറിയുടെ ഉത്തരവ്.
എന്നാൽ, ജൂൺ 6ന് കോർപ്പറേഷൻ സെക്രട്ടറി അയച്ച ജോലിക്കാരാണെന്ന് പറഞ്ഞ് ഇവിടെയെത്തിയ പണിക്കാർ കെട്ടിടത്തിന്റെ ബലപ്പെടുത്തൽ ജോലികൾ തുടങ്ങി. ഇത് ചോദ്യം ചെയ്തപ്പോഴാണ് പള്ളി കമ്മിറ്റി പ്രസിഡന്റ് നാസർ തന്നെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് ജയകുമാരിയുടെ മൊഴിയെടുത്ത ശേഷം പൊലീസ് കേസെടുക്കുകയായിരുന്നു.