കൊല്ലത്ത് ചാകരക്കോള് കൊയ്യാൻ വള്ളങ്ങൾ

Wednesday 11 June 2025 12:41 AM IST

കൊല്ലം: ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ കൊല്ലം തീരത്തെ വാടി, പോർട്ട് കൊല്ലം ലാൻഡിംഗ് സെന്ററുകളിൽ തുടർച്ചയായി മത്സ്യലേലം തുടങ്ങി. ട്രോളിംഗ് നിരോധന കാലത്തെ കോള് കൊയ്യാൻ തമിഴ്നാട്ടിൽ നിന്നടക്കം വള്ളങ്ങൾ കൊല്ലം തീരത്തേക്ക് എത്തിയിട്ടുണ്ട്.

കൊല്ലം തീരത്തെ അഞ്ച് ലാൻഡിംഗ് സെന്ററുകളിൽ ഇപ്പോൾ വാടിയും പോർട്ട് കൊല്ലവും മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതിൽ പോർട്ട് കൊല്ലത്ത് പുലർച്ചെ മുതൽ ഉച്ചവരെയും വാടിയിൽ സന്ധ്യ മുതൽ പുലർച്ചെ വരെയുമായിരുന്നു മത്സ്യലേലം. ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കൂടുതൽ വള്ളങ്ങൾ കടലിലേക്ക് പോയതോടെ രണ്ട് ലാൻഡിംഗ് സെന്ററുകളും ഒരേ സമയം പ്രവർത്തിക്കാൻ ഫിഷറീസ് വകുപ്പ് നിർദ്ദേശം നൽകി.

ഇതിനെതിരെ പോർട്ട് കൊല്ലത്ത് രാവിലെ എതിർപ്പുയർന്നെങ്കിലും വള്ളങ്ങൾ കൂട്ടത്തോടെ എത്തിയതോടെ വാടിയിലും ലേലം തുടങ്ങി. ശക്തികുളങ്ങരയിൽ നിന്ന് ബോട്ടിൽ പോയിരുന്ന തദ്ദേശീയരായ മത്സ്യത്തൊഴിലാളികൾ തൊഴിൽ തേടി കൊല്ലം തീരത്ത് എത്തുന്നതോടെ ഇന്ന് മുതൽ കൂടുതൽ വള്ളങ്ങൾ കടലിൽ പോകും.

നെയ്ച്ചാള കിട്ടാനില്ല

ബോട്ടുകളിൽ നിന്നുള്ള മത്സ്യമില്ലാത്തതിനാൽ കൂടുതൽ വില കിട്ടുമെന്ന പ്രതീക്ഷയിൽ കടലിൽ പോയ വള്ളങ്ങൾക്ക് ഇന്നലെ കാര്യമായി മത്സ്യം ലഭിച്ചില്ല. മാന്തൽ, പൊള്ളൽ ചൂര, നെത്തോലി, കിളിമീൻ എന്നീ മത്സ്യങ്ങളാണ് കൂടുതൽ വള്ളങ്ങൾക്കും ലഭിച്ചത്. സാധാരണ മൺസൂൺ കാലത്ത് കൊല്ലത്ത് ലഭിക്കാറുള്ള നെയ്ച്ചാള ഇതുവരെ കൊല്ലത്ത് നിന്നുള്ള വള്ളങ്ങളുടെ വലയിൽ കയറിയിട്ടില്ല.

കൊല്ലം തീരത്തെ വില

ഇനം- കിലോയ്ക്ക് (ശരാശരി)

മാന്തൽ- 90

കിളിമീൻ- 100

ചെറിയ കിളിമീൻ-80

പൊള്ളൽ - 60

മത്സ്യവില്പന ഇടിഞ്ഞു

കൊച്ചിക്ക് അടുത്ത് ആഴക്കടലിൽ കപ്പൽ മുങ്ങിയതിന് പിന്നാലെ ഇടിഞ്ഞ മത്സ്യക്കച്ചവടം ഇനിയും കാര്യമായി ഉയർന്നിട്ടില്ല. കഴിഞ്ഞ ദിവസം കണ്ണൂർ അഴീക്കലിന് അടുത്ത് കപ്പലിന് തീപിടിച്ച് കണ്ടെയ്നറുകൾ കടലിൽ പതിച്ചതോടെ മത്സ്യക്കച്ചവടക്കാരുടെ ഉള്ളിൽ വീണ്ടും തീ നിറഞ്ഞിരിക്കുകയാണ്. ചന്തകൾ, വഴിയോരങ്ങൾ, സ്റ്റാളുകൾ, വാഹനങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള മത്സ്യവിപണനം പകുതിയായി ഇടിഞ്ഞു.