ചട്ടം കടുപ്പിച്ച് പൊതുവിതരണ വകുപ്പ്: റേഷൻ കടകൾക്ക് വേണം 2 മാസത്തെ സംഭരണശേഷി

Wednesday 11 June 2025 12:41 AM IST

കൊല്ലം: റേഷൻ കടകൾക്ക് രണ്ട് മാസത്തെ ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കാനുള്ള സംഭരണ ശേഷി വേണമെന്ന ചട്ടം പൊതുവിതരണ വകുപ്പ് കടുപ്പിക്കുന്നു. സ്വന്തം കടകളിൽ റേഷൻ വ്യാപാരം നടത്തുന്ന ലൈസൻസികൾ ബാങ്ക് വായ്പയെടുത്ത് സംഭരണശേഷി ഉയർത്തണം. വായ്പയുടെ പലിശയുടെ പകുതി പൊതുവിതരണ വകുപ്പ് ബാങ്കിന് നൽകും.

സംസ്ഥാനത്തെ ഭൂരിഭാഗം റേഷൻകടകൾക്കും ചട്ടപ്രകാരമുള്ള സംഭരണശേഷിയില്ല. അതുകൊണ്ട് തന്നെ വിതരണക്കാർ സമരം നീണ്ടുപോകുന്ന ഘട്ടങ്ങളിൽ റേഷൻകടകൾ കാലിയായി റേഷൻ വിതരണം സ്തംഭിക്കുന്ന അവസ്ഥയാണ്. ഈ സ്ഥിതി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. വിസ്തൃതി കൂട്ടാനുള്ള സ്ഥല സൗകര്യമുള്ള റേഷൻകടകളെയാകും ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തുക. സംഭരണശേഷി ഉയർത്താനുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് പരമാവധി കുറഞ്ഞ പലിശ നിരക്കിൽ ദേശസാൽകൃത ബാങ്കിൽ നിന്ന് റേഷൻകട ഉടമകൾക്ക് മൂന്ന് ലക്ഷം രൂപ വരെ വായ്പയെടുക്കാം.

പലിശയുടെ പകുതി പൊതുവിതരണ വകുപ്പ് വഹിക്കുന്നതിനാൽ താലൂക്ക് സപ്ലൈ ഓഫീസർ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വായ്പ തുക നിശ്ചയിക്കേണ്ടത്. പരമാവധി 60 മാസമായിരിക്കണം വായ്പാ കാലാവധി. ഈ വർഷം സംസ്ഥാനത്തെ രണ്ടായിരം റേഷൻകടകളുടെ സംഭരണ ശേഷി ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം.

റേഷൻകടകൾക്ക് വേണ്ടത്

 രണ്ട് മാസത്തെ സംഭരണശേഷി  10 ക്വിന്റലിന് 14 ചതുരശ്രയടി നിരക്കിൽ

 പ്രതിമാസ ശരാശരി വിതരണം 45 ക്വിന്റൽ

 70 ക്വിന്റൽ വരെയുള്ള കടകളും  40 ചതുരശ്രയടി ജോലി സ്ഥലം  മണ്ണെണ്ണ സൂക്ഷിക്കാൻ പ്രത്യേക സ്ഥലം

 2000 റേഷൻകടകളുടെ വിസ്തൃതി കൂട്ടും