മഴ ശക്തം, സമൃദ്ധമായി ജലപാതങ്ങൾ

Wednesday 11 June 2025 12:42 AM IST

പത്തനാപുരം: കിഴക്കൻ മലയോര മേഖലകളിൽ മഴ ശക്തമായതോടെ ജലസമൃദ്ധമായ വെള്ളച്ചാട്ടങ്ങളിൽ വിനോദ സഞ്ചാരികളുടെ തിരക്കേറി. രണ്ട് ആഴ്ച മുമ്പ് താത്കാലികമായി അടച്ചിട്ടിരുന്ന വെള്ളച്ചാട്ടങ്ങളാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. അച്ചൻകോവിൽ കുംഭാവുരുട്ടി, തമിഴ്നാട് കുറ്റാലം, പാലരുവി, അയ്ന്തരുവി തുടങ്ങിയ ചെറുതും, വലുതുമായ ജലപാതങ്ങളിലാണ് വിനോദ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചത്.

അവധി ദിനങ്ങളിലാണ് കൂടുതൽ സഞ്ചാരികൾ എത്തുന്നത്. പെരുന്നാൾ പ്രമാണിച്ച് വെള്ളച്ചാട്ടങ്ങളിൽ പ്രത്യേക സെക്യൂരിറ്റി ജീവനക്കാരെയും തമിഴ്നാട് കുറ്റാലത്ത് വൻ പൊലീസ് സന്നാഹത്തെയും നിയമിച്ചിരുന്നു. കേരളത്തിന് പുറമെ അയൽ സംസ്ഥാനങ്ങളിൽ നിന്നും വിദേശ സഞ്ചാരികളും പാലരുവിയിലും അച്ചൻകോവിൽ കുംഭാവുരുട്ടിയിലും എത്തുന്നുണ്ട്. എന്നാൽ കുറ്റാലത്താണ് സഞ്ചാരികളുടെ വലിയ തിരക്ക്.

കുറ്റാലം സർക്കാർ നിയന്ത്രണത്തിലും പാലരുവിയും അച്ചൻകോവിൽ കുംഭാവുരുട്ടിയും വനം വകുപ്പിന്റെയും നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ മാസം ആരംഭിച്ച സീസൺ ഒക്ടോബർ വരെ തുടരും. കഴിഞ്ഞ വർഷം തമിഴ്നാട് കുറ്റാലത്ത് അപ്രതീക്ഷിതമായി അനുഭവപ്പെട്ട മല വെള്ളപ്പാച്ചിലിൽ പെട്ട് 12 വസയുകാരൻ മരിച്ചിരുന്നു. ഇത് കണക്കിലെടുത്ത് മഴ കനക്കുമ്പോൾ കുറ്റാലത്തെ വെള്ളച്ചാട്ടം താത്കാലികമായി അടയ്ക്കും. തെങ്കാശി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ കുറ്റാലത്ത് വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.