പോക്സോ കേസിൽ 19 കാരൻ അറസ്റ്റിൽ
കൊല്ലം: ആയൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 19 കാരൻ അറസ്റ്റിൽ. അന്യ സംസ്ഥാനത്തുൾപ്പടെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ അയത്തിൽ തെക്കേക്കാവ് വയലിൽ പുത്തൻവീട്ടിൽ സജീറിനെയാണ് (19) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷാകർത്താക്കൾ നൽകിയ പരാതിയിൽ ചടയമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കഴിഞ്ഞ 5ന് വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോവുകയും വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. കൊല്ലത്ത് നിന്ന് ട്രെയിൻ മാർഗം കോട്ടയത്തും ആന്ധ്രാപ്രദേശിന്റെ വിവിധ ഭാഗങ്ങളിലും പെൺകുട്ടിയുമായി പോയി. ആന്ധ്രാപ്രദേശിൽ ലോഡ്ജിൽ റൂമെടുത്ത് താമസിക്കുകയും ചെയ്തു. പണത്തിന് ബുദ്ധിമുട്ട് വന്നതോടെ ഇരുവരുടെയും ഫോണുകൾ വിറ്റു. ശേഷം റെയിൽവേ സ്റ്റേഷനുകളിലും മറ്റു പൊതുസ്ഥലങ്ങളിലും നിൽക്കുന്നവരുടെ ഫോണിൽ നിന്നാണ് സുഹൃത്തുക്കളെ ബന്ധപ്പെട്ടിരുന്നത്. പ്രതിയുടെ സുഹൃത്തുക്കളെ നിരീക്ഷിച്ച പൊലീസ് ഒരാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഇവരോട് കോട്ടയത്ത് എത്താൻ ആവശ്യപ്പെട്ടു. ട്രെയിനിൽ കൊല്ലത്തെത്തിയ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിനെ റിമാൻഡ് ചെയ്തു.