ആശ പ്രവർത്തകരുടെ രാപ്പകൽ സമരയാത്ര ഇന്നെത്തും

Wednesday 11 June 2025 12:45 AM IST

കൊല്ലം: കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു നയിക്കുന്ന ആശാ പ്രവർത്തകരുടെ രാപ്പകൽ സമരയാത്ര ഇന്ന് ജില്ലയിലെത്തും. 13 വരെയാണ് ജില്ലയിലെ പര്യടനം. ഇന്ന് പത്തനാപുരം, പുനലൂർ, അഞ്ചൽ, നിലമേൽ എന്നിവിടങ്ങളിലും നാളെ കൊട്ടാരക്കര, ശാസ്താംകോട്ട, വെളുത്തമണൽ, ഓച്ചിറ ഭാഗങ്ങളിലും 13ന് ചവറ, കുണ്ടറ, പരവൂർ എന്നിവിടങ്ങളിലും പര്യടനം നടത്തി വൈകിട്ട് ചിന്നക്കടയിൽ സാംബശിവൻ സ്ക്വയറിൽ സമാപിക്കും. വിവിധ യോഗങ്ങളിലായി എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, സി.ആർ.മഹേഷ്, കവി കുരീപ്പുഴ ശ്രീകുമാർ, ഷിബു ബേബിജോൺ, ഡോ. ആസാദ്, ജോസഫ്.സി.മാത്യു, ബിന്ദു കൃഷ്ണ എന്നിവർ സംസാരിക്കും. സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവരുന്ന അതിജീവന സമരം ഡിമാൻഡുകൾ അംഗീകരിച്ച് ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാപ്പകൽ സമരയാത്ര സംഘടിപ്പിച്ചിട്ടുള്ളത്.