കപ്പൽ തീപിടിത്തം: കോഴിക്കോട് തീരത്ത് കനത്ത സുരക്ഷ

Wednesday 11 June 2025 2:32 AM IST

കോഴിക്കോട്: അറബിക്കടലിൽ ബേപ്പൂർ തീരത്തുനിന്നു 78 നോട്ടിക്കൽ മെെൽ അകലെ തീപിടിത്തത്തിലും സ്ഫോടനത്തിലും കപ്പൽ തകർന്ന പശ്ചാത്തലത്തിൽ തീരത്ത് സുരക്ഷ ശക്തമാക്കി. ഇന്ധന ചോർച്ചയെ തുടർന്നുള്ള മലിനീകരണ സാദ്ധ്യത കണക്കിലെടുത്ത് എല്ലാ മുൻകരുതൽ സജ്ജീകരണങ്ങളും ഒരുക്കാൻ ജില്ലാ തല പൊല്യൂഷൻ റെസ്‌പോൺസ് സംഘത്തിന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് നിർദേശം നൽകിയിട്ടുണ്ട്.

ആവശ്യമെങ്കിൽ തീരദേശ ശുചീകരണത്തിനും മറ്റും ഏകോപനം ഉറപ്പാക്കണം.

കാറ്റിന്റെയും തിരമാലയുടെയും സ്വഭാവം പരിഗണിക്കുമ്പോൾ കണ്ടെയ്നറുകൾ കോഴിക്കോട് തീരത്ത് അടിയാനുള്ള സാദ്ധ്യത കുറവാണെന്ന് ബേപ്പൂർ പോർട്ട് ഓഫീസർ ക്യാപ്റ്റൻ ഹരി അച്യുത വാര്യർ പറഞ്ഞു. എങ്കിലും തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. കോസ്റ്റ് ഗാർഡും ജില്ലയിലെ തീരപ്രദേശത്ത് മുഴുവൻ സമയവും നിരീക്ഷണം നടത്തുന്നുണ്ട്.