മന്ത്രി വിളിച്ചിട്ടും ഫോണെടുത്തില്ല, കെ.എസ്.ആർ.ടി.സിയിൽ 9 പേർക്ക് മിന്നൽ സ്ഥലം മാറ്റം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ കൺട്രോൾ റൂമിലേക്ക് മന്ത്രി വിളിച്ചിട്ടും ഫോണെടുത്തില്ല. ഉടനെ നടത്തിയ അന്വേഷണത്തിനൊടുവിൽ കൺട്രോൾ റൂമിലെ 9 പേരെ സ്ഥലം മാറ്റി.
ആരു വിളിച്ചാലും കൺട്രോൾ റൂമിലുള്ളവർ ഫോണെടുക്കില്ലെന്ന് മന്ത്രി ഗണേശ്‌കുമാറിന് പരാതികൾ ലഭിച്ചിരുന്നു. അതിന്റെ സത്യാവസ്ഥ അറിയാനാണ് മന്ത്രി 'യാത്രക്കാര"നായി കൺട്രോൾ റൂമിലേക്ക് തിങ്കളാഴ്ച വൈകിട്ട് വിളിച്ചത്. കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട് സി.എം.ഡിയടക്കം പങ്കെടുക്കുന്ന ഉന്നതതല യോഗത്തിനിടെയായിരുന്നു മന്ത്രിയുടെ ഫോൺ വിളി. ആരും ഫോണെടുത്തില്ല. തുടർന്ന് പരാതികൾ അയയ്ക്കുന്നതിന് നൽകിയിട്ടുള്ള കൺട്രോൾ റൂം വാട്ട്സാപ്പ് നമ്പറിലേക്ക് ‘താൻ ഗണേശ്കുമാറാണ്, ഫോൺ എടുക്കണം’ എന്ന് സന്ദേശമയച്ചു. അതിനും മറുപടിയുണ്ടായില്ല. മെസേജ് കണ്ടു എന്നത് സ്ഥിരീകരിക്കുന്ന മാർക്കും വാട്സാപ്പിൽ തെളിഞ്ഞില്ല.
തുടർന്നാണ് ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ മന്ത്രി നിർദ്ദേശിച്ചത്. രാത്രിയോടെ ഉത്തരവും ഇറങ്ങി. നടപടി നേരിട്ടവരെല്ലാം കണ്ടക്ടർ തസ്‌തികയിലുള്ളവരാണ്. കാസർകോട്, തിരുവനന്തപുരം സിറ്റി, വികാസ്ഭവൻ, മൂവാറ്റുപുഴ, ആറ്റിങ്ങൽ, തിരുവല്ല, ചങ്ങനാശ്ശേരി, വെള്ളനാട് എന്നീ ഡിപ്പോകളിലേക്കാണ് സ്ഥലം മാറ്റം. മൂന്ന് ഷിഫ്‌റ്റുകളാണ് കൺട്രോൾ റൂമിലുള്ളത്. ഇതിൽ 12 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. സ്ഥലം മാറ്റിയവർക്ക് പകരം ആയാസമുള്ള ജോലികൾ ചെയ്യാൻ കഴിയാത്ത ജീവനക്കാരെ നിയോഗിക്കാനാണ് തീരുമാനം. കൺട്രോൾ റൂമിലേക്ക് മാത്രമല്ല, ഡിപ്പോയിലേക്കു വിളിച്ചാലും ഫോണെടുക്കാറില്ലെന്ന പരാതി ഗതാഗത മന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനും മേലുദ്യോഗസ്ഥരോട് മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.