കൊച്ചി തീരത്തെ കപ്പലപകടം,ഇന്ധനം വീണ്ടെടുക്കലിന് മോശം കാലാവസ്ഥ തിരിച്ചടി
കൊച്ചി: പുറങ്കടലിൽ മുങ്ങിത്താഴ്ന്ന ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസാ 3ൽനിന്ന് എണ്ണയും കണ്ടെയ്‌നറുകളും സുരക്ഷിതമായി നീക്കുന്ന ദൗത്യത്തിന് മോശം കാലാവസ്ഥ തിരിച്ചടിയാകുന്നു. 17 ദിവസമായി അടിത്തട്ടിൽ കിടക്കുന്ന കപ്പലിൽ കാത്സ്യം കാർബൈഡും മറ്റു രാസവസ്തുക്കളും സംഭരിച്ചിട്ടുള്ള കണ്ടെയ്‌നറുകളുമുണ്ട്. സമയബന്ധിതമായി ഇവ വീണ്ടെടുത്ത് മലിനീകരണത്തോത് കുറയ്ക്കുകയാണ് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം. എന്നാൽ കാലാവസ്ഥ ഇതെല്ലാം തകിടം മറിക്കുകയാണ്.
പരിശീലനം ലഭിച്ച മുങ്ങൽവിദഗ്ദ്ധരുമായി ടി.ആൻഡ്.ടി സാൽവേജ് കമ്പനിയുടെ ഡി.എസ്.വി സീമെക്ക് 3 കപ്പൽ എം.എസ്.സി എൽസ 3 മുങ്ങിയസ്ഥലത്ത് തുടരുകയാണ്. ഇവിടെ നിരീക്ഷണം നടത്തിയിരുന്ന കോസ്റ്റ് ഗാർഡിന്റെ മൂന്ന് കപ്പലുകൾ ഇന്നലെ ബേപ്പൂർ ദുരന്തസ്ഥലത്തേക്ക് പോയി.
എൽസ 3ലെ ഇന്ധനം നീക്കുന്ന നടപടികൾ 13ന് പൂർണതോതിൽ ആരംഭിക്കും. ജൂലായ് മൂന്നിനകം ഇന്ധനം വീണ്ടെടുക്കലാണ് ലക്ഷ്യം. കപ്പലിൽനിന്ന് വോയേജ് ഡേറ്റ റെക്കാഡർ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്കും നാളെ തുടക്കമാകും.