കപ്പലപകടത്തിൽപെട്ട രണ്ടുപേർ തീവ്രപരിചരണവിഭാഗത്തിൽ

Wednesday 11 June 2025 2:35 AM IST

മംഗളൂരു: ബേപ്പൂരിന് 88 നോട്ടിക്കൽ മൈൽ അകലെയുണ്ടായ കപ്പൽ അപകടത്തിൽ പരിക്കേറ്റവരിൽ ഒരു ചൈനീസ് പൗരനും ഒരു ഇന്തോനേഷ്യൻ പൗരനും മംഗളൂരു എ.ജെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ. ചൈനീസ് പൗരനായ ലുയാൻലിക്ക് 40 ശതമാനവും ഇന്തോനേഷ്യൻ പൗരനായ സോണിതുർ ഹെനിക്ക് 30 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്.മംഗ്‌ളൂരു എ ജെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവർ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോ. ദിനേശ് കദം വെളിപ്പെടുത്തി.

ഇവർ വെള്ളം കുടിച്ചുവെന്നും ഡോക്ടർ വ്യക്തമാക്കി. 72 മണിക്കൂർ മുതൽ ഒരാഴ്ച വരെ നിരീക്ഷണത്തിലായിരിക്കും. അപകടനില തരണം ചെയ്തുവെന്ന് പൂർണ്ണമായും പറയാൻ കഴിയില്ല. ശ്വാസകോശത്തിന് പൊള്ളലേറ്റിട്ടുണ്ട്. നാല് പേരുടെ നില തൃപ്തികരമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

ദ്വിഭാഷി മുഖേനയാണ് ആശയവിനിമയം നടത്തുന്നത്. രാസവസ്തുവിൽ നിന്ന് പൊള്ളലേറ്റതായും സംശയിക്കുന്നു. മംഗളൂരിൽ എത്തിച്ച ഒരാൾക്ക് രാസവസ്തുവിൽ നിന്നാണ് പൊള്ളലേറ്റത്. ഏത് രാസവസ്തുവാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലിൽ കഴിയുന്ന ജീവനക്കാരെ കാണാനും ആരെയും അനുവദിക്കുന്നില്ല. രക്ഷപ്പെടുത്തിയ 18 ജീവനക്കാരുമായി നാവികസേനയുടെ ഐ.എൻ.എസ് സൂറത്ത് തിങ്കളാഴ്ച രാത്രി 11നാണ് പനമ്പൂരിലെ ന്യൂ മംഗലാപുരം തുറമുഖത്ത് എത്തിയത്. 22 ജീവനക്കാരിൽ 18 പേരെയാണ് രക്ഷപ്പെടുത്തിയത്.

പരിക്കേൽക്കാത്തവരെ

ഹോട്ടലിലേക്ക് മാറ്റി


പരിക്കില്ലാതെ രക്ഷപ്പെട്ട 12 നാവികരെ മംഗളൂരുവിലെ ഹോട്ടലിലേക്ക് മാറ്റി. രക്ഷപ്പെട്ട 18 പേരിൽ എട്ടുപേർ ചൈനക്കാരും 4 പേർ തായ്‌വാൻകാരും 4 പേർ മ്യാൻമറിൽ നിന്നുള്ളവരും 2 പേർ ഇന്തോനേഷ്യയിൽ നിന്നുള്ളവരുമാണ്.