മാലിന്യം കത്തിച്ച പൊലീസിന് പിഴ
Wednesday 11 June 2025 2:37 AM IST
മണ്ണാർക്കാട്: പൊലീസ് സ്റ്റേഷൻ വളപ്പിൽ പ്ലാസ്റ്റിക് കത്തിച്ച മണ്ണാർക്കാട് പൊലീസിന് നഗരസഭയുടെ പിഴ. 5000 രൂപയാണ് പിഴ ചുമത്തിയത്. 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി നേരിടേണ്ടിവരുമെന്ന് കാണിച്ച് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നോട്ടീസ് നൽകിയതായി നഗരസഭാ സെക്രട്ടറി എം.സതീഷ് കുമാർ അറിയിച്ചു. തിങ്കളാഴ്ചയാണ് സംഭവം. സ്റ്റേഷൻ വളപ്പിൽ മാലിന്യം കത്തിക്കുന്നതിന്റെ ദൃശ്യം ആരോ നഗരസഭയ്ക്ക് കൈമാറിയിരുന്നു. ഇതുപ്രകാരം ആരോഗ്യവിഭാഗം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന് മുമ്പും സ്റ്റേഷൻ വളപ്പിൽ മാലിന്യം കത്തിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് സെക്രട്ടറി പറഞ്ഞു.