പുറത്തിറങ്ങി നടക്കാനാവാതെ ഈ രാജ്യത്തെ പ്രവാസികൾ; കുടുംബമായി പോയവർക്കും പണികിട്ടി

Wednesday 11 June 2025 11:47 AM IST

ദുബായ്: യുഎഇയിൽ താപനില ഉയരുന്നതായി രാജ്യത്തെ കാലാവസ്ഥാ വകുപ്പ്. 42 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇന്നും തെളിഞ്ഞ കാലാവസ്ഥയാണ്. അതിനാൽ താപനില ഉയരാനാണ് സാദ്ധ്യത. ഇത്തരത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി താപനില ഉയരുന്നത് ജനജീവിതത്തെ വലിയ രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്.

എന്നാൽ, വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് അവർ അറിയിച്ചു. ചില തീരപ്രദേശങ്ങളിൽ വരുംദിവസങ്ങളിൽ പകലും രാത്രിയും ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും. തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ നേരിയതോ മിതമോ ആയ കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്. മണിക്കൂറിൽ പത്ത് മുതൽ 20 കിലോമീറ്റർ വരെ വേഗതയിലാകും കാറ്റ് വീശുക. ഇത് മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിലെത്താൻ സാദ്ധ്യതയുണ്ട്.

അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും നേരിയ താപനില അനുഭവപ്പെടാം. അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസ് ആണ് ഏറ്റവും ഉയർന്ന താപനില. 30 ഡിഗ്രി സെൽഷ്യസ് ആണ് ഏറ്റവും കുറഞ്ഞ താപനില. ദുബായിൽ 42 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 29 ഡിഗ്രി സെൽഷ്യസും ആണ്. ഷാർജയിൽ 43 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 29 ഡിഗ്രി സെൽഷ്യസും ആണ്. ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ ഇന്ന് പകൽ കഠിനമായ ചൂടായിരിക്കും.