'എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥികൾ മർദിച്ചു'; ചെന്നിത്തല നവോദയ വിദ്യാലയത്തിൽ റാഗിംഗ് പരാതി
Wednesday 11 June 2025 12:36 PM IST
ആലപ്പുഴ: ചെന്നിത്തല നവോദയ വിദ്യാലയത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് റാഗിംഗെന്ന് പരാതി. എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥികൾ മർദിച്ചുവെന്നാണ് രക്ഷിതാക്കൾ പൊലീസിൽ നൽകിയ പരാതി. എന്നാൽ, റാഗിംഗ് ഉണ്ടായിട്ടില്ലെന്നാണ് നവോദയ സ്‌കൂൾ പ്രിൻസിപ്പൽ ജോളി ടോമിയുടെ വിശദീകരണം.
'കുട്ടികൾ തമ്മിലുണ്ടായ പ്രശ്‌നങ്ങളുടെ തുടർച്ചയാണ് മർദനം. റാഗിംഗല്ല. ഹോസ്റ്റലിനുള്ളിൽ വച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ മർദിച്ച ആറ് പ്ലസ് വൺ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്‌തു' - സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു.
അതേസമയം, മർദനമേറ്റ കുട്ടിയുടെ രക്ഷിതാക്കൾ സ്‌കൂൾ അധികൃതർക്കും പൊലീസിലും പരാതി നൽകിയിട്ടുണ്ട്. സ്‌കൂൾ അധികൃതർ വിശദമായ റിപ്പോർട്ട് ജില്ലാ കളക്‌ടർക്ക് കൈമാറി. കളക്‌ടറുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് മാന്നാർ പൊലീസ് അറിയിച്ചു.