പാർട്ടി പരിശോധിക്കട്ടെ അങ്ങനെ സംസാരിച്ചിട്ടില്ലെന്ന് ദിനകരനും കമലയും
കൊച്ചി: പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ ശക്തമായ ഭാഷയിൽ തുറന്നടിക്കുന്ന തരത്തിൽ പുറത്തുവന്ന ശബ്ദസംഭാഷണം നിഷേധിച്ച് സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കമലാ സദാനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനും.
അങ്ങനെയൊരു സംസാരമേ ഉണ്ടായിട്ടില്ലെന്ന് ഇരുനേതാക്കളും കേരളകൗമുദിയോട് പറഞ്ഞു. ഇത്തരമൊരു ശബ്ദസംഭാഷണം പുറത്തുവന്നുവെന്ന് അറിയില്ല. പാർട്ടി ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കുന്നവരാണ് തങ്ങളിരുവരുമെന്ന് കമല സദാനന്ദൻ പറഞ്ഞു.
വിഷയത്തിൽ പാർട്ടിക്ക് പരാതി നൽകണമോ വേണ്ടയോ എന്ന് കൂട്ടായി ആലോചിച്ച് തീരുമാനിക്കുമെന്നും അവർ പറഞ്ഞു.
സംഭാഷണത്തിൽ കേട്ടത് തന്റെ ശബ്ദമല്ലെന്നായിരുന്നു ദിനകരന്റെ പ്രതികരണം. എ.ഐ ഒക്കെയുള്ള കാലത്ത് ആർക്കും എന്തുമാകാമല്ലോ എന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയത്തിൽ പ്രതികരിക്കാനില്ല. ബാക്കി കാര്യങ്ങൾ പാർട്ടി നോക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാതെ സംസ്ഥാന നേതാക്കൾ
പാർട്ടി സംസ്ഥാന സെക്രട്ടറിയെ ഒന്നിനും കൊള്ളാത്തവനെന്നും നാണം കെട്ട് ഇറങ്ങി പോകേണ്ടി വരുമെന്നുമുൾപ്പെടെ പറഞ്ഞതിന്റെ സംഭാഷണം പുറത്ത് വന്നിട്ടും വിഷയത്തെ കുറിച്ച് പ്രതികരിക്കാൻ കമലയ്ക്കും ദിനകരനും പുറമേ ജില്ലയിൽ നിന്നുള്ള ഏഴ് സംസ്ഥാന നേതാക്കൾ തയ്യാറായിട്ടില്ല. പാർട്ടി സംസ്ഥാന എ്ക്സിക്യുട്ടീവ് അംഗം കെ.കെ. അഷറഫ്, സംസ്ഥാന കോൺസിൽ അംഗങ്ങളായ ബാബു പോൾ, ശാരദാ മോഹൻ, എൻ. അരുൺ, ടി. രഘുവരൻ, പി.കെ. രാജേഷ്, സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം ഇ.കെ. ശിവൻ എന്നിവരാണ് മൗനം തുടരുന്നത്.
സമ്മേളന കാലത്തെ അനാവശ്യ വിവാദം സംബന്ധിച്ച് അടിയന്തര അന്വേഷണം വേണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. വിഷയത്തേക്കുറിച്ച് പ്രതികരണം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.
ചൊവ്വാഴ്ചയാണ് കമലാ സദാനന്ദനും കെ.എം. ദിനകരനും തമ്മിലുള്ള ശബ്ദ സംഭാഷണം പുറത്തു വന്നത്. ബിനോയ് വിശ്വം പുണ്യാളനാകാൻ ശ്രമിക്കുന്നു, കെ. സന്തോഷ് കുമാറാണ് സെക്രട്ടറിയാകാൻ യോഗ്യൻ, ബിനോയ് വിശ്വത്തിന്റെ സഹോദരി പാർട്ടി കാര്യങ്ങളിൽ ഇടപെടുന്നു, എല്ലാത്തിനും ബിനോയ് വിശ്വത്തിന്റെ അനുമതി വേണോ തുടങ്ങിയ പരാമർശങ്ങളാണ് സംഭാഷണ ശകലത്തിന്റെ കാതൽ.