കടൽ കടക്കും,​ കാശുവാരും ലക്ഷദ്വീപ് ചൂര: കേന്ദ്രമന്ത്രി 

Wednesday 11 June 2025 7:29 PM IST

കൊച്ചി: ലക്ഷദ്വീപ് മേഖലയിൽ സുലഭമായ ചൂരമത്സ്യത്തിന്റെ രാജ്യാന്തര സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ കേന്ദ്രസർക്കാർ പദ്ധതിയെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. മത്സ്യബന്ധനം ഊർജിതമാക്കുകയും തത്സമയ സംസ്‌കരണത്തിന് സൗകര്യമുള്ള യാനങ്ങൾ വികസിപ്പിക്കുകയും ചെയ്യും. ഇതോടൊപ്പം കടൽപ്പായൽ കൃഷിയും പ്രോത്സാഹിപ്പിക്കും. കടൽപ്പായൽ കൃഷിയിലൂടെ തമിഴ്‌നാട്ടിലെ വനിതാ കർഷക സംഘങ്ങൾക്ക് വരുമാനത്തിൽ വർദ്ധനയുണ്ടായെന്നും പറഞ്ഞു. കവരത്തിയിൽ സി.എം.എഫ്.ആർ.ഐയുടെ കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിച്ച വികസിത് കൃഷി സങ്കൽപ് ക്യാമ്പയനിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. തെങ്ങ് കൃഷി, ടൂറിസം എന്നിവയ്ക്കും ലക്ഷദ്വീപിന്റെ സമ്പദ്ഘടനയിൽ സുപ്രധാന പങ്കുണ്ട്. ആഴക്കടൽ മത്സ്യബന്ധനത്തിൽ സാദ്ധ്യതകളേറെയാണെന്നും വ്യക്തമാക്കി. കർഷകർ, മത്സ്യത്തൊഴിലാളികൾ, കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ എന്നിവരുമായി മന്ത്രി ആശയവിനിമയം നടത്തി. കർഷകർക്കുള്ള ചെറുകിട യന്ത്രങ്ങളും ഉപകരണങ്ങളും വിതരണം ചെയ്തു. സി.എം.എഫ്.ആർ.ഐ കവരത്തിയിൽ സ്ഥാപിച്ച സമുദ്ര അലങ്കാര മത്സ്യ ഹാച്ചറി മന്ത്രി സന്ദർശിച്ചു. കൃഷിയിലും അനുബന്ധ മേഖലകളിലുമുള്ള നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് കർഷകരെ ബോധവത്കരിക്കുമെന്നും പറഞ്ഞു. ഡോ. പി. എൻ. ആനന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു. കളക്ടർ ഡോ. ഗിരി ശങ്കർ, കൃഷി സെക്രട്ടറി രാജ് തിലക് എന്നിവർ പ്രസംഗിച്ചു.