രേഖകളില്ലാതെ അഞ്ചുപേർ പൊലീസിന്റെ പിടിയിൽ

Thursday 12 June 2025 1:53 AM IST

കൊച്ചി: രേഖകളില്ലാതെ എത്തിയ അഞ്ചുപേരെ റെയിൽവേ സ്റ്റേഷനിൽനിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തതായി വിവരം. അഞ്ചുപേരും ബംഗ്ലാദേശ് പൗരന്മാരാണെന്ന സംശയത്തിലാണ് പൊലീസ്. ഇവരെ തീവ്രവാദവിരുദ്ധ സേനയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ചോദ്യംചെയ്തു. ഇന്നലെ രാവിലെ ആലുവ റെയിൽവേ സ്റ്റേഷനിലാണ് അഞ്ചംഗ സംഘത്തിന് പിടിവീണതെന്നാണ് സൂചന. ലഹരികടത്ത് ചെറുക്കാനുള്ള പരിശോധനയ്ക്കിടെ ഇവർ പൊലീസിന് മുന്നിൽപ്പെടുകയായിരുന്നു. രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആധാർകാർഡുപോലും ഉണ്ടായിരുന്നില്ല. തുടർന്ന് വിവരം എ.ടി.എസിനെ അറിയിക്കുകയായിരുന്നു. അഞ്ച് പേരിൽ ഒരാൾ ബംഗ്ലാദേശ് പൗരനാണെന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. നേരത്തെ ബംഗ്ലാദേശികളെ പിടികൂടുന്നതിന് പ്രത്യേക പരിശോധനതന്നെ റൂറൽ പൊലീസ് നടത്തിയിരുന്നു.