3000 രൂപയ്ക്ക് മുകളിലുള്ള യു പി ഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുന്നു, വിശദീകരണവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി : യു.പി.ഐ ഇടപാടുകൾക്ക് ഇനിമുതിൽ ചാർജ് ഈടാക്കുമെന്ന പ്രചാരണം തള്ളി കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ അടിസ്ഥാന രഹിതവും തെറ്റിദ്ധരിപ്പിക്കുന്നതും ആശങ്കയുണ്ടാക്കുന്നതാണെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. യു.പി.ഐ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.
3000 രൂപയ്ക്ക് മുകളിലുള്ള എല്ലാ യു.പി.ഐ പേയ്മെന്റുകൾക്കും മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ) ഈടാക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ, അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തന ചെലവുകളും കൈകാര്യം ചെയ്യുന്നതിൽ ബാങ്കുകളെയും പേയ്‌മെന്റ് സേവന ദാതാക്കളെയും പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനമെന്നായിരുന്നു പ്രചാരണം. ഡിജിറ്റൽ ട്രാൻസാക്ഷനുമായി ബന്ധപ്പെട്ട ചെലവ് ഉയർന്നുവരുന്ന സാഹചര്യത്തിൽ പേയ്‌മെന്റ് സേവന ദാതാക്കളും ബാങ്കുകളും മുന്നോട്ടുവച്ച ആശങ്കകളെ തുടർന്നാണ് തീരുമാനമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ വാർത്തകൾ തള്ളിയാണ് ധനകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.