@ സംരക്ഷണ ഭിത്തി തകർന്നു,​ അപകടം പതിവാകുന്നു കനോലി 'അപായ' കനാൽ

Thursday 12 June 2025 12:02 AM IST
കനോലി കനാൽ

കോഴിക്കോട്: സംരക്ഷണഭിത്തികൾ തകർന്ന് അപകടക്കനാലായി കനോലി കനാൽ. കല്ലായി മുതൽ പുറക്കാട്ടേരി വരെ നീളുന്ന 11കിലോമീറ്റർ ദൂരം അപകട ഭീഷണിയിലായിട്ട് വർഷങ്ങളായി. കഴിഞ്ഞ ദിവസം കാരപ്പറമ്പ് മുടപ്പാട്ട് പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ കനാലിലേക്ക് പതിച്ചപ്പോൾ നാട്ടുകാരുടെ സമയോചിത ഇടപെടൽ കൊണ്ടുമാത്രമാണ് മൂന്നു ജീവൻ രക്ഷപ്പെട്ടത്. പ്രായമായ സ്ത്രീയും കുട്ടിയുമടക്കം മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. മാസങ്ങൾക്ക് മുമ്പ് പുതിയാപ്പ ഹാർബറിൽ നിന്ന് വരികയായിരുന്ന മത്സ്യത്തൊഴിലാളി ബൈക്കുമായി കനാലിൽ വീണ് മരിച്ചിരുന്നു. പലപ്പോഴും രാത്രിയിലുണ്ടാവുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനം അസാദ്ധ്യമാണ്. കാർ അപകടത്തിൽ പെട്ടത് വൈകുന്നേരമായതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായി. കുണ്ടൂപറമ്പ് മുതൽ എരഞ്ഞിക്കൽ വരെയുള്ള ഭാഗത്ത് വ്യാപകമായി സംരക്ഷണ ഭിത്തി തകർന്നിരിക്കുകയാണ്. ഈ ഭാഗങ്ങളിൽ പതിനഞ്ചടിയോളം താഴ്ചയിലാണ് കനാൽ. കൂടാതെ കാടുമൂടിയ അവസ്ഥയിലും. കാട് നിറഞ്ഞ പ്രദേശമായതിനാൽ പെരുമ്പാമ്പ് ഉൾപ്പെടെ ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമാണ്. കൈപ്പുറത്തുപാലം- ഇരഞ്ഞിക്കൽ ഭാഗം വലിയ തോതിൽ മത്സ്യബന്ധനം നടക്കുന്ന പ്രദേശമാണ്. പെരുമ്പാമ്പ് ശല്യം ഇവർക്ക് വലിയ വിനയാണ്. ഇടുങ്ങിയ ഈ റോഡിൽ കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ പൈപ്പ്ലൈനിനായി റോഡ് കീറിയത് ഗതാഗതം അപകടകരമാക്കിയിട്ടുണ്ട്. സമീപത്തെ കനാലിന്റെ കൈവരികൾ തകർന്നതിനാൽ ഏതുസമയവും അപകടം അരികിലാണ്.

പലഭാഗത്തും കോൺക്രീറ്റ് കൈവരി തകർന്നിടത്ത് ഇരുമ്പ് വേലികളുണ്ടാക്കിയിട്ടുണ്ട്. എന്നാൽ അതും തകർന്നിരിക്കുന്നു. കനാൽ നവീകരണത്തിനായി കോടികളുടെ പ്രോജക്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും തകർന്ന കൈവരികൾ കെട്ടി കനാലിനെ സുരക്ഷിതമാക്കാനുള്ള നീക്കം പോലും ഉണ്ടാവുന്നില്ല.

കനോലി ചരിത്രം

മലബാർ ജില്ലാ കളക്ടറായിരുന്ന എച്ച്.വി. കാനോലി 1848ൽ കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെ എന്ന ലക്ഷ്യത്തോടെ കനോലികനാലിന് രൂപം നൽകിയത്. കേരളത്തിലങ്ങോളം ഒരു വിശാല ജല ഗതാഗത മാർഗം എന്നതായിരുന്നു ലക്ഷ്യം. പൂർത്തിയായത് കോഴിക്കോട് ജില്ലയിൽ വടക്ക് കോരപ്പുഴയെയും തെക്ക് കല്ലായിപ്പുഴയെയും ബന്ധിപ്പിക്കുന്ന ഭാഗം. 11.4 കിലോമീറ്റർ ദൈർഘ്യം. വീതി 620 മീറ്ററാണെങ്കിലും പലയിടത്തും പൂർണമായില്ല. കനാലിന്റെ പുനരുദ്ധാരണത്തിനും തിരുവനന്തപുരം മുതൽ കാസർകോട് വരെ ബന്ധിപ്പിക്കുന്ന കോടികളുടെ പദ്ധതിക്ക് സർക്കാർ പ്രോജക്ട് തയ്യാറാക്കിയെങ്കിലും അതെല്ലാം പാതി വഴിയിലാണ്. നിലവിലുള്ള കനാൽ മാലിന്യമുക്തമാക്കിയും ആഴം കൂട്ടിയും കൈവരികളുണ്ടാക്കിയും സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.