എം.ഡി.എം.എയുമായി മൂന്ന് ബൗൺസർമാർ പിടിയിൽ
ആലുവ: ആഡംബര ഫ്‌ളാറ്റിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി സിനിമാ മേഖലയിലെ ബൗൺസർമാരായ മൂന്നു പേർ പിടിയിലായി. തൃശൂർ സ്വദേശികളായ നടത്തറ ചുളയില്ലാപ്ലാക്കൽവീട്ടിൽ ഷെറിൻ തോമസ് (34), വരടിയം കരയിൽ കാവുങ്കൽവീട്ടിൽ വിപിൻ വിത്സൺ (32), ആലുവ കുന്നത്തേരി പുളിമൂട്ടിൽ ബിനാസ് പരീത് (35) എന്നിവരാണ് പിടിയിലായത്.
ദേശീയപാതയിൽ മുട്ടത്തെ ഫ്‌ളാറ്റിലെ ഏഴാംനിലയിലെ മുറിയിൽ നിന്ന് എം.ഡി.എം.എയുമായി ബിനാസ് പരീതും ഷെറിൻ തോമസുമാണ് ആദ്യം പിടിയിലായത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് ഫ്‌ളാറ്റിന്റെ പാർക്കിംഗ് ഏരിയിലെ കാറിൽ നിന്നാണ് വിപിൻ പിടിയിലായത്. ഇയാളിൽ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു. രണ്ട് കേസുകളായിട്ടാണ് രജിസ്റ്റർ ചെയ്തത്.
സിനിമാ മേഖലയിൽ എക്‌സൈസ് പൊലീസ് പരിശോധന വ്യാപകമായതിനാൽ താരങ്ങളുടെ സുരക്ഷാചുമതല വഹിക്കുന്ന ബൗൺസർമാർ മുഖേന മയക്കുമരുന്ന് കൈമാറുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ഫ്‌ളാറ്റിനോട് ചേർന്നുള്ള ഹാളിൽ സ്വകാര്യ ചാനലുമായി ബന്ധപ്പെട്ട ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു.