വേദാചാര്യൻ ഗോവിന്ദകൃഷ്ണൻ ഇനി സ്പേസ് സയന്റിസ്റ്റ്

Thursday 12 June 2025 5:07 AM IST

കണ്ണൂർ: യാഗഭൂമിയിലെ വേദമന്ത്രങ്ങൾക്കൊപ്പം ശാസ്ത്ര പാഠങ്ങളും പഠിച്ച മംഗലത്തില്ലത്ത് ഗോവിന്ദകൃഷ്ണൻ വി.സ്.എസ്.സി ശാസ്ത്രജ്ഞനാകുന്നു. ഈ 27ന് ജൂനിയർ സ്പേസ് സയന്റിസ്റ്റായി ഔദ്യോഗിക പ്രവേശനം.

പ്രൈമറി വിദ്യാഭ്യാസ ശേഷം കൈതപ്രത്തെ ബ്രാഹ്മണ കുടുംബം മകനെ ചേർത്തത് തൃശൂരിലെ ബ്രഹ്മസ്വമഠം വേദപാഠശാലയിൽ. ഗുരുകുലത്തിൽ 12 വർഷത്തെ പഠനം. ഇതിനൊപ്പം സ്വന്തമായി പഠിച്ച് എസ്.എസ്.എൽ.സി മുഴുവൻ എ പ്ളസോടെ വിജയിച്ചു. മൂഡബദ്രിയിലായിരുന്നു ഹയർ സെക്കൻഡറി. തിരുവനന്തപുരം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേയ്സ് സയൻസിൽ (ഐ.ഐ.എസ്.ടി) നിന്ന് ഏവിയോണിക്സ് ബിരുദം. യാഗ,​ പൂജാ കർമ്മങ്ങളിൽ ആചാര്യനായി പോകവേയാണ് വി.സ്.എസ്.സിയിൽ സെലക്ഷനാകുന്നത്.

കൈതപ്രത്തെ റിട്ട. നാവിക സേനാ ഉദ്യോഗസ്ഥനും കാനറാ ബാങ്ക് ഓഫീസറുമായ മംഗലത്തില്ലത്ത് എം. ഹരീഷ്‌കുമാറിന്റെയും പെരികമന ഇല്ലത്ത് സുജയയുടെയും മകനാണ് 24കാരനായ ഗോവിന്ദകൃഷ്ണൻ. പിതാവിന് കർണാടകയിലെ കർവാറിൽ സ്ഥലംമാറ്റമായപ്പോൾ കുടുംബവും അങ്ങോട്ടുപോയി. അങ്ങനെയാണ് മൂഡബദ്രി ആൽവാസ് സ്‌കൂളിൽ ഹയർ സെക്കൻഡറിക്ക് ചേർന്നത്. ജെ.ഇ.ഇക്ക് (അഡ്വാൻസ്ഡ്) ഉയർന്ന റാങ്ക് നേടി ഐ.ഐ.എസ്.ടിയിലുമെത്തി.

വൈദിക സമ്പ്രദായം

കൈവിടില്ല

യാഗഭൂമിയിൽ നിന്ന് ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ അഭിമാനസ്തംഭമായ ഐ.എസ്.ആർ.ഒയുടെ ഭാഗമാകുന്നതിന്റെ ആഹ്ളാദത്തിലാണ് ഗോവിന്ദകൃഷ്ണൻ. നേട്ടം സ്വന്തം ഗ്രാമത്തിനും വൈദിക ധർമ്മത്തിനും സമർപ്പിക്കുന്നു. ശാസ്ത്രജ്ഞനായെങ്കിലും വൈദികജീവിത സമ്പ്രദായം കൈവിടില്ല. രാവിലെ അഞ്ചിന് എഴുന്നേറ്റ് കുളികഴിഞ്ഞ് നാമജപാദികളോടെയാണ് ഓരോ ദിനവും തുടങ്ങുന്നത്. സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും തനിമ നിലനിറുത്തുന്നതിനാണ് മകനെ വേദപഠനത്തിന് അയച്ചതെന്ന് ഹരീഷ് കുമാർ പറഞ്ഞു. ഗോവിന്ദകൃഷ്ണന്റെ ഇരട്ട സഹോദരി ഗായത്രി ഫിസിയോ തെറാപ്പിസ്റ്റാണ്.

വേദപാഠശാലയിലെ ശിക്ഷണവും അതുവഴി ലഭിച്ച ഏകാഗ്രതയും ശാസ്ത്ര പഠനത്തിന് വലിയ സഹായമായി. ജിമ്മിൽ പോകുന്നത് ശരീരത്തിനെന്ന പോലെ വേദപഠനം മനസ്സിന്റെ ആരോഗ്യത്തിന് ഉത്തമമെന്നതാണ് അനുഭവ പാഠം

-ഗോവിന്ദ കൃഷ്ണൻ