സ്വകാര്യബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപ കവർന്നു
കോഴിക്കോട്: പട്ടാപ്പകൽ സ്കൂട്ടറിലെത്തിയ ആൾ സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപ കവർന്നു. പന്തീരാങ്കാവ് കൈമ്പാലം പള്ളിപ്പുറം സ്വദേശിയായ ഷിബിൻ ലാലാണ് പണം തട്ടിയെടുത്തതെന്ന് തിരിച്ചറിഞ്ഞതായി പന്തീരങ്കാവ് സി.ഐ കെ.ഷാജു പറഞ്ഞു. ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദിന്റെ കൈയിൽനിന്നാണ് പണം ഉൾപ്പെടുന്ന കറുത്ത ബാഗ് തട്ടിയെടുത്തത്.
ഇസാഫ് ബാങ്കിൽ നിന്ന് പണവുമായി അക്ഷയ ഫിനാൻസിയേഴ്സ് എന്ന സ്ഥാപനത്തിലേക്ക് പോകവേ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പന്തീരാങ്കാവിൽനിന്ന് മാങ്കാവിലേക്കു പോകുന്ന റോഡിൽ അക്ഷയ ഫിനാൻസിയേഴ്സിന് മുന്നിലെത്തിയപ്പോഴായിരുന്നു കവർച്ച.
ഷിബിൻ ലാൽ പണവുമായി രക്ഷപ്പെടുന്ന സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. പൊലീസ് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി. ഇവിടെയുണ്ടായിരുന്നവരെയും, ഇസാഫ് ബാങ്കിലെ ജീവനക്കാരെയുമടക്കം ചോദ്യം ചെയ്തു.