നഴ്‌സിംഗ് പഠനം ഇനി കുറഞ്ഞ ചെലവിൽ
കൊച്ചി: ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെ അംഗീകാരം നഴ്‌സിംഗ് കോളേജുകൾക്ക് ആവശ്യമില്ലെന്ന കോടതി ഉത്തരവുകൾ രാജ്യത്തെ നഴ്‌സിംഗ് വിദ്യാഭാസ മേഖലയ്ക്ക് പുത്തനുണർവായി. അതത് സംസ്ഥാനങ്ങളും സംസ്ഥാന നഴ്‌സിംഗ് കൗൺസിലും ബന്ധപ്പെട്ട സർവകലാശാലയുമാണ് നഴ്‌സിംഗ് കോളേജുകൾക്ക് അംഗീകാരം നൽകേണ്ടതെന്നാണ് നീതിപീഠങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
രാജ്യത്തെ നഴ്‌സിംഗ് വിദ്യാഭ്യാസത്തിന്റെ സിലബസിനും കരിക്കുലത്തിനും തുല്യനിലവാരം ഉറപ്പുവരുത്താനുള്ള അധികാരമാണ് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിനുള്ളത്. ഇതിനു വിരുദ്ധമായി നഴ്‌സിംഗ് കോളേജുകളുടെ അംഗീകാരപ്പട്ടിക പ്രസിദ്ധീകരിച്ച ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിനെതിരേ കർണാടക ഹൈക്കോടതി കോടതി അലക്ഷ്യ നടപടിയെടുക്കുകയും ചെയ്തിരുന്നു.
കോടതി വിധികളുടെ പശ്ചാത്തലത്തിൽ കർണാടകയിലെ രാജീവ്ഗാന്ധി യൂണിവേഴ്‌സിറ്റിയും പുതിയ സർക്കുലർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നഴ്‌സിംഗ് കോളേജുകൾക്ക് അംഗീകാരം നൽകേണ്ടത് സംസ്ഥാന സർക്കാരും സംസ്ഥാന നഴ്‌സിംഗ് കൗൺസിലും ബന്ധപ്പെട്ട സർവകാലശാലയുമാണെന്ന് രാജീവ്ഗാന്ധി യൂണിവേഴ്‌സിറ്റിയുടെ സർക്കുലറിൽ വ്യക്തമാക്കുന്നു.
കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന വിദ്യാർത്ഥികളും നഴ്‌സിംഗ് പഠനത്തിന് ആശ്രയിക്കുന്നത് കർണാടക, തമിഴ്‌നാട് തുടങ്ങിയ ഇതരസംസ്ഥാനങ്ങളെയാണ്. അംഗീകാരമുള്ള അനേകം നഴ്‌സിംഗ് കോളേജുകൾ മിതമായ ഫീസിൽ വിദ്യാഭ്യാസം ഉറപ്പാക്കുന്നുമുണ്ട്. എന്നാൽ, നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരം ഉണ്ടെന്ന പേരിൽ യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത കോളേജുകൾ വിലപേശുന്ന അവസ്ഥ ഇതുവരെയുണ്ടായിരുന്നു. പുതിയ കോടതി ഉത്തരവുകൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമായിരിക്കുകയാണ് .
ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് മിതമായ ഫീസിൽ മികച്ച കോളേജുകളിൽ പഠിച്ചിറങ്ങാനും അവരാഗ്രഹിക്കുന്ന ഏതു സംസ്ഥാനത്തും രജിസ്‌ട്രേഷൻ പൂർത്തിയാക്കാനും ഈ ഉത്തരവ് സഹായിക്കും.