വി​പ​ണി​യിൽ താരമാകാൻ '​കേ​ര​ള​ ​ചി​ക്ക​ൻ" ഉത്പന്നങ്ങൾ

Thursday 12 June 2025 12:44 AM IST

ആലപ്പുഴ: റെ‌ഡി ടു കുക്ക് ഉൾപ്പെടെ പുതിയ ഫ്രോസൺ, ചിൽഡ് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ കേരള ചിക്കൻ. നിലവിൽ 'കുടുംബശ്രീ കേരള ചിക്കൻ' എന്ന ബ്രാൻഡിൽ ചിക്കൻ ഡ്രം സ്റ്റിക്‌സ്, ബോൺലെസ് ബ്രസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്, ചിക്കൻ കറി കട്ട്, ഫുൾ ചിക്കൻ എന്നിങ്ങനെ വിവിധ ഫ്രോസൺ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് കേരള ചിക്കന്റെ 456 ഫാമുകളും 140 ഔട്ട്ലെറ്റുകളുമാണുള്ളത്. എല്ലാ മാസവും ഓരോ ഫ്രോസൺ ഉത്പന്നം വിപണിയിലെത്തിക്കും. നിലവിൽ മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് വില്പന. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ ഈ മാസം വില്പന ആരംഭിക്കും. രണ്ടുമാസത്തിനുള്ളിൽ ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലും എത്തിക്കും. കയറ്റുമതിയും ലക്ഷ്യമിടുന്നുണ്ട്.

അൽഫാം ഉണ്ടാക്കാൻ ഫുൾചിക്കൻ

ചിക്കൻ സമൂസ, സോസേജ്, ചിക്കൻ അച്ചാർ, കട്ലേറ്റ്, ഫുൾ ചിക്കൻ വിത് സ്കിൻ, വിത് ഔട് സ്കിൻ എന്നിങ്ങനെയാണ് പുറത്തിറങ്ങുന്നത്. ഫുൾ ചിക്കൻ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. അൽഫാമിനും മറ്രുമായി ഉപയോഗിക്കുന്നതിനാണ് വിത്ത് സ്കിൻ ചിക്കൻ എത്തിക്കുന്നത്. ഫുൾ ചിക്കൻ ഒരുകിലോ മുതൽ 1.3 കിലോ വരെയും ബാക്കിയുള്ളവ 500 മുതൽ 900 ഗ്രാം വരെയുമാണ് ഉണ്ടാവുക. വില അന്തിമമായിട്ടില്ല.

ചിൽഡ് കൊണ്ടുണ്ടാക്കാം ചിക്കൻ ഡ്രം സ്റ്റിക്‌സ്

അഞ്ചുദിവസം വരെ കേടാവാതെ ഉപയോഗിക്കാൻ കഴിയുന്നവയാണ് ചിൽഡ് ഉത്പന്നങ്ങൾ. ചിക്കൻ ഡ്രം സ്റ്റിക്‌സ്, ബോൺലെസ് ബ്രസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്, ചിക്കൻ കറി കട്ട്, ഫുൾ ചിക്കൻ എന്നിവയാണ് ചിൽഡ് ചിക്കൻ ഉത്പന്നങ്ങളായി വിപണിയിലെത്തിക്കുക.

കേരള ചിക്കന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ ജനപ്രീതി നേടിയിട്ടുള്ളതാണ്. കൂടുതൽ ഉത്പന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം

-എസ്. അഗിൻ,മാർക്കറ്റിംഗ് മാനേജർ

കേരളചിക്കൻ