കപ്പലപകടം പ്രതിപക്ഷ ആരോപണം തെളിഞ്ഞു: സതീശൻ
Thursday 12 June 2025 1:56 AM IST
തിരുവനന്തപുരം: കൊച്ചിയിലെ കപ്പൽ അപകടത്തിൽ വൈകി കേസെടുക്കാൻ പൊലീസ് തയ്യാറായതിലൂടെ സംഭവം ഒതുക്കാൻ സംസ്ഥാന സർക്കാർ ഗൂഢാലോചന നടത്തിയെന്ന പ്രതിപക്ഷ ആരോപണം തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകേണ്ടെന്നാണ് സർക്കാർ ആദ്യം തീരുമാനിച്ചത്. ഷിപ്പിംഗ് കമ്പനികളിൽ നിന്നും നഷ്ടപരിഹാരം വാങ്ങിയെടുത്ത് ഇരകളായ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ സഹായിക്കുകയെന്ന നിലപാടാണ് ഇതിനു മുൻപുണ്ടായ അപകടങ്ങളിൽ എല്ലാ സംസ്ഥാനങ്ങളും സ്വീകരിച്ചത്. കേന്ദ്രത്തിന് മാത്രമേ കേസെടുക്കാനാവൂവെന്നാണ് തുറമുഖ മന്ത്രിയും പറഞ്ഞത്. അദാനിക്കു ബന്ധമുള്ള ഷിപ്പിംഗ് കമ്പനിയെ വഴിവിട്ട് സഹായിക്കാൻ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ചേർന്ന് നടത്തിയ കള്ളക്കളിയാണ് ഇപ്പോൾ പുറത്തായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.